കണ്ണന്താനം ആരുടെ മന്ത്രി . . ? സര്‍ക്കാറിന്റെ ആശംസയില്‍ ബി.ജെ.പിക്ക് ആശങ്ക !

തിരുവനന്തപുരം: സി.പി.എം എം.എല്‍.എമാരും എം.പിമാരുമെല്ലാം മാറി മാറി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പുകഴ്ത്തുകയും മുഖ്യമന്ത്രി തന്നെ നേരിട്ട് കണ്ടതുമെല്ലാം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു.

കണ്ണന്താനത്തെ മന്ത്രിയായി പ്രഖ്യാപിച്ച ഉടനെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്ത് വന്നിരുന്നു.

മികച്ച പാര്‍ലമെന്റേറിയനാണ് കണ്ണന്താനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീ കണ്ണന്താനത്തിന് ഓണസമ്മാനമാണ് ഈ സ്ഥാനലബ്ധി എന്നും കേരളത്തിനായി പ്രയത്‌നിക്കാന്‍ അദ്ദേഹത്തിന് അത് ഊര്‍ജം പകരുമെന്നും കരുതുന്നു.

ദേശീയ വിഷയങ്ങളില്‍ കേന്ദ്ര മന്ത്രി എന്ന നിലയില്‍ സജീവമായി ഇടപെടുമ്പോള്‍ തന്നെ ക്യാബിനറ്റിലെ കേരളത്തിന്റെ ശബ്ദമാകാന്‍ ശ്രീ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ച പ്രയത്‌നം വികസന ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കും. ശ്രീ കണ്ണന്താനത്തിന് അതിലേക്ക് മികച്ച സംഭാവന നല്‍കാനാകും എന്ന് പ്രത്യാശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ ഒരു കേന്ദ്രമന്ത്രിയെ അഭിനന്ദിക്കുന്നത് പോലെയല്ല ബി.ജെ.പി നേതൃത്വം ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ കാണുന്നത്.

മുന്‍പ് ഇടത് എം.എല്‍.എ ആയിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സി.പി.എം നേതൃത്വവുമായുള്ള ബന്ധത്തിന്റെ തുടര്‍ച്ചയായാണ് മിക്ക ബി.ജെ.പി സംസ്ഥാന നേതാക്കളും പ്രതികരണങ്ങളെ വിലയിരുത്തുന്നത്.

അല്‍ഫോണ്‍സ് കണ്ണന്താനത്തിലൂടെ കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ആനുകൂല്യം കിട്ടാന്‍ സി.പി.എം ‘കുറുക്കുവഴി’തേടുമെന്ന ആശങ്ക ബി.ജെ.പി നേതാക്കള്‍ക്കുണ്ട്.

പാര്‍ട്ടി സംസ്ഥാന നേതാക്കളെ പരിഗണിക്കാതെ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയതില്‍ കടുത്ത അമര്‍ഷം സംസ്ഥാന നേതൃത്വത്തില്‍ ഇപ്പോഴും തുടരുകയാണ്.

‘മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി ‘ എന്ന അവസ്ഥയിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. ഐ.എ.എസുകാരനായ മന്ത്രിക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന ചോദ്യവും ചില നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.

കാര്യങ്ങള്‍ എന്തായാലും അല്‍ഫോണ്‍സ് കണ്ണന്താനത്തെ പരമാവധി പ്രയോജനപ്പെടുത്താന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കം.

കണ്ണന്താനത്തെ ആംശംസിച്ച് മുഖ്യമന്ത്രിക്കു പുറമെ ശ്രീമതി ടീച്ചര്‍ എം.പി, മന്ത്രി കെ.ടി ജലീല്‍ തുടങ്ങിയവരും രംഗത്ത് വന്നിട്ടുണ്ട്.

കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഒരിക്കലും ഒരു വര്‍ഗീയവാദിയോ മതാന്ധകനോ ആകാന്‍ കഴിയില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.

ടൂറിസം ഐ.ടി മേഖലകകളില്‍ നല്ല ഇടപെടലുകള്‍ നടത്തി സംസ്ഥാനത്തിന് കഴിയുന്നതെല്ലാം ചെയ്യാന്‍ അല്‍ഫോന്‍സ് ശ്രമിക്കുമെന്ന് നമുക്കാശിക്കാമെന്നും ജലീല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.

തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചുമുള്ള അല്‍ഫോണ്‍സിന്റെ സംസാര ശൈലി ആരിലും മതിപ്പുളവാക്കാന്‍ പോന്നതാണ്. മതേതര മനസുള്ള അദ്ദേഹം എങ്ങനെ ബിജെപിയില്‍ ചെന്നുപെട്ടുവെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് . ഒരുമിച്ചായിരുന്നപ്പോഴും എതിര്‍പക്ഷത്തായപ്പോഴും സൗഹൃദം കാത്ത് സൂക്ഷിക്കാന്‍ തങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെന്നും ജലീല്‍ വ്യക്തമാക്കി.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ പരിപാടികളില്‍ കണ്ണന്താനത്തെ സഹകരിപ്പിച്ച് കേന്ദ്ര സഹായം ലഭ്യമാക്കാനാണ് ഇടത് നീക്കം.

കടുത്ത ബി.ജെ.പിക്കാരനല്ല, മറിച്ച് തങ്ങളുടെ കൂട്ടത്തില്‍ ‘നല്ല രൂപത്തില്‍ പിരിഞ്ഞു പോയ ‘ ഐ.എ.എസുകാരനായ മന്ത്രിയായാണ് സി.പി.എം ജനപ്രതിനിധികള്‍ കണ്ണന്താനത്തെ നോക്കിക്കാണുന്നത്.

ടൂറിസം ഐ.ടി മേഖലകളില്‍ വലിയ രൂപത്തിലുള്ള സഹായം ലഭ്യമാകുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രതീക്ഷ.

Top