ആന്ധ്രയിൽ ബി.ജെ.പിക്ക് ചുവട് പിഴച്ചില്ല. . വൈ.എസ്.ആർ കോൺഗ്രസ്സുമായി ‘ധാരണ’

BJP alliance with YSR

വിജയവാഡ : ആന്ധ്ര സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണന ചൂണ്ടിക്കാട്ടി എന്‍.ഡി.എ സഖ്യത്തില്‍ നിന്നും പിന്‍മാറിയ തെലുങ്കുദേശം പാര്‍ട്ടിക്ക് ‘പണി’ കൊടുക്കാന്‍ ബി.ജെ.പി.

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകനെതിരെ ഉള്‍പ്പെടെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പോലും പ്രതിപക്ഷമായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ കൈവശവും എത്തി കഴിഞ്ഞതായാണ് സൂചന.

ഇത് ലഭിച്ചത് കേന്ദ്രത്തിലെ പ്രമുഖ ബി.ജെ.പി നേതാവ് മുഖാന്തരമാണെന്നാണ് പറയപ്പെടുന്നത്.

2019 ലെ ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുക വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് ആണെന്ന് അടുത്തയിടെ കേന്ദ്രത്തിന് ലഭിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുമായി അടുപ്പത്തിലാവാന്‍ ബി.ജെപി ശ്രമം ആരംഭിച്ചിരുന്നത്. ചര്‍ച്ചക്ക് വേദിയൊരുക്കിയത് ആന്ധ്രയിലെ പ്രമുഖ ആര്‍.എസ്.എസ് നേതാവാണെങ്കിലും ആശയ വിനിമയം നടത്തിയത് ബി.ജെ.പി ദേശീയ നേതൃത്വമാണ്.

തെരെഞ്ഞെടുപ്പിന് ശേഷം സഹകരിക്കാന്‍ തയ്യാറാണെന്ന നിലപാടാണ് ജഗന്‍ മോഹന്‍ ബി.ജെ.പി നേതൃത്വത്തോട് സ്വീകരിച്ചതതെന്നാണ് അറിയുന്നത്.

Jagan Mohan Reddy

ന്യൂനപക്ഷ വോട്ട് ബാങ്ക് നഷ്ടപ്പെട്ടാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നുവത്രെ ഈ നിലപാട്. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട ബി.ജെ.പി ദേശീയ നേതൃത്വവും ജഗന്‍ മോഹന്‍ മുന്നോട്ട് വച്ച ‘അടവുനയത്തിന് ‘ പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

കേന്ദ്രത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രാദേശിക വികാരം ഉയര്‍ത്തി നേട്ടം കൊയ്യാന്‍ ചന്ദ്രബാബു നായിഡു ശ്രമിക്കുമെന്നതിനാല്‍ പരസ്യമായ ഇത്തരമൊരു സഖ്യം തിരിച്ചടിയാകുമെന്ന് തന്നെയാണ് ബി.ജെ.പിയും കരുതുന്നത്.

ആന്ധ്രയിലെ 25 ലോക് സഭ സീറ്റില്‍ ഇരുപതില്‍ കൂടുതല്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് തൂത്തുവാരുമെന്നാണ് ബി.ജെ.പിയുടെ കണക്ക്. നിലവില്‍ തെലുങ്ക് ദേശം-15, ബി.ജെ.പി-2, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്-8 എന്നിങ്ങനെയാണ് കക്ഷിനില.

ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയുടെ പ്രതീക്ഷ കര്‍ണ്ണാടക, തമിഴ് നാട് ,ആന്ധ്ര സംസ്ഥാനങ്ങളാണ്. ഇവിടങ്ങളില്‍ നിന്നും ഭൂരിപക്ഷ എം.എല്‍.എമാരുടെയും പിന്തുണ എന്‍.ഡി.എക്ക് ഉറപ്പാക്കുക എന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷൃം.

ആന്ധ്രയെ പോലെ തന്നെ തമിഴകത്തും കര്‍ണാടകയിലും തെരെഞ്ഞെടുപ്പിന് ശേഷം അടവ് നയം സ്വീകരിക്കാനാണ് ‘പദ്ധതി’. തമിഴകത്ത് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പാര്‍ട്ടിയുമായി ഇത്തരമൊരു രഹസ്യധാരണയുണ്ടാക്കിയാല്‍ ന്യൂനപക്ഷ വോട്ട് നഷ്ടപ്പെടില്ലന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ്-ജെ.ഡി.എസ് സഖ്യമുണ്ടായാല്‍ വലിയ വെല്ലുവിളി ഉയര്‍ത്തുമെങ്കിലും കേന്ദ്രത്തില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ ജെ.ഡി.എസ്. . ബി.ജെ.പിയെ പിന്തുണക്കുമെന്നാണ് പ്രതീക്ഷ.

മുന്‍പ് ബി.ജെ.പി പിന്തുണയോടെ കര്‍ണ്ണാടക ഭരിച്ച ചരിത്രം ജെ.ഡി.എസ് നേതാവ് കുമാരസ്വാമിക്ക് ഉള്ളതിനാല്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് പിന്തുണ പിന്‍വലിച്ചാലും കുമാരസ്വാമിക്ക് തുടരാന്‍ പറ്റുമെന്നതിനാല്‍ കേന്ദ്രത്തില്‍ പിന്തുണ ഉറപ്പാണത്രെ.

ദക്ഷിണേന്ത്യയില്‍ നിന്നും ബി.ജെ.പി വിരുദ്ധമുന്നണിക്ക് നേട്ടമുണ്ടാകുക പ്രധാനമായും കേരളത്തില്‍ നിന്നായിരിക്കും. തെലങ്കാനയില്‍ ഇനി ടി.ആര്‍.എസ് നേട്ടമുണ്ടാക്കിയാല്‍ തന്നെ കേന്ദ്രത്തില്‍ കൂടെ നിര്‍ത്താന്‍ പറ്റും എന്ന ആത്മവിശ്വാസം ബി.ജെ.പിക്കുണ്ട്.

Narendra Modi

സീറ്റുകളുടെ കണക്ക് കൂട്ടലുകളില്‍ വ്യത്യാസം വന്നാലും സഖ്യമില്ലാതെ മത്സരിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ എം.പിമാരുടെ പിന്തുണ എന്‍.ഡി.എക്ക് ഉറപ്പിച്ചാണ് അണിയറ ചര്‍ച്ചകള്‍ ദ്രുതഗതിയില്‍ ഇപ്പോള്‍ നടക്കുന്നത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സുമായി സഖ്യമില്ലന്ന് ബി.എസ്.പി നേതാവ് മായാവതിക്ക് പ്രഖ്യാപിക്കേണ്ടി വന്നതു പോലും സംസ്ഥാന ബി.എസ്.പി നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ്. ഇതിനു പിന്നിലും ബി.ജെ.പിയുടെ തന്ത്രമാണ്.

സമാജ് വാദി പാര്‍ട്ടി എന്‍.ഡി.എയെ ഒരിക്കലും പിന്തുണക്കില്ലങ്കിലും ബി.എസ്.പി തെരഞ്ഞെടുപ്പിന് ശേഷം മലക്കം മറിയാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും മുന്‍കൂട്ടി കാണുന്നുണ്ട്.

എന്തിനേറെ ഇപ്പോള്‍ കാശ്മീര്‍ പ്രശ്‌നത്തില്‍ എന്‍.ഡി.എക്ക് പുറത്തായ പി.ഡി.പി പോലും ന്യൂനപക്ഷ വോട്ട് വാങ്ങി വിജയിച്ച് കാവികോട്ടയില്‍ തന്നെ തിരിച്ചെത്താനുള്ള സാധ്യതയുണ്ടെന്നാണ് അവരുടെ പക്ഷം.

ഒറീസയിലെ ബിജു ജനതാദള്‍, എന്‍.സി.പി, രാജ് താക്കറെയുടെ നവനിര്‍മ്മാണ സേന നേതൃത്വങ്ങളുമായും തന്ത്രപരമായ അടുപ്പം ബി.ജെ.പി നേതൃത്വം ഇപ്പോള്‍ നിലനിര്‍ത്തി പോരുന്നുണ്ട്.

ഒരു മുഴം മുന്‍പേ ബിജെപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. 543 ലോക്‌സഭാ സീറ്റുകളിലും ചുമതലക്കാരെ നിയമിച്ചു. ഇതു കൂടാതെ എല്ലാ സംസ്ഥാനങ്ങളിലും 11 പേര്‍ അംഗങ്ങളായ പ്രത്യേക കമ്മിറ്റിയും രൂപവല്‍ക്കരിക്കുന്നുണ്ട്.

ലോക്‌സഭാ സീറ്റുകളിലെ നേതൃത്വം വഹിക്കുന്നവരെ പ്രഭാരി എന്നാണ് വിളിക്കുന്നത്. അതാത് നിയോജക മണ്ഡലത്തിന് പുറത്തുള്ളവരായിരിക്കും ഇവര്‍. ‘ചുനാവ് തയ്യാരി ടോളി’ അഥവാ തെരഞ്ഞെടുപ്പ് സജ്ജീകരണ അംഗങ്ങള്‍ എന്നതാണ് 11 അംഗ കമ്മിറ്റിയുടെ പേര്.

ഇതാദ്യമായാണ് ഓരോ നിയോജക മണ്ഡലത്തിനും ബി.ജെ.പി പ്രത്യേകം അംഗങ്ങളെ നിയോഗിക്കുന്നത്. വര്‍ഷങ്ങളായി സമാജ്‌വാദി പാര്‍ട്ടി ഈ രീതി പിന്തുടര്‍ന്ന് വരുന്നുണ്ട്. 2019ലെ തെരഞ്ഞെടുപ്പിനായി പൂര്‍ണമായും ഒരുങ്ങി കഴിഞ്ഞുവെന്നും, 2014നേക്കാള്‍ വലിയ വിജയം നേടാനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബി.ജെ.പി.

മോദിയുടെ രണ്ടാം ഊഴം ഉറപ്പാക്കാന്‍ ബി.ജെ.പി ‘കര്‍മ്മ’ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ പ്രതിപക്ഷമാകട്ടെ ചിന്നഭിന്നമായി നില്‍ക്കുകയാണ്.

ഡല്‍ഹിയിലെ കെജ്‌രിവാള്‍ സര്‍ക്കാറിനെതിരായ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഗവര്‍ണ്ണറുടെ വസതിയില്‍ നിരാഹാരം കിടന്ന മുഖ്യമന്ത്രിക്ക് കര്‍ണ്ണാടക, കേരളം, ബംഗാള്‍, ആന്ധ്ര മുഖ്യമന്ത്രിമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് പ്രതിപക്ഷ ഭിന്നത തുറന്നു കാട്ടുന്നതായി.

റിപ്പോര്‍ട്ട് : ടി അരുണ്‍ കുമാര്‍

Top