bjp-aiadmk alliance; congress against

ചെന്നൈ: ശശികലയെ മുന്‍നിര്‍ത്തി തമിഴ്‌നാട്ടില്‍ കളം പിടിക്കാനൊരുങ്ങുന്ന ബിജെപി നീക്കം പൊളിക്കാന്‍ കോണ്‍ഗ്രസ്സും രംഗത്ത്.

അണ്ണാഡിഎംകെയോട് അടുത്ത് നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെയടക്കം അടര്‍ത്തി മാറ്റുന്നതിനുള്ള തന്ത്രപരമായ നീക്കത്തിലാണ് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ്സ്.

പിളര്‍പ്പോടെ പ്രതിസന്ധിയിലായെങ്കിലും ‘ഭാവിയിലെ’ അപകടം മുന്നില്‍ കണ്ട് രാഹുല്‍ ഗാന്ധിയാണ് ഇതുസംബന്ധമായി തമിഴ്‌നാട് ഘടകം കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ബിജെപിയോട് സഹകരിക്കുന്ന സാഹചര്യം അണ്ണാഡിഎംകെ ഒഴിവാക്കുന്നതിനായി സാധ്യമായതെല്ലാം ചെയ്യാനാണ് നിര്‍ദ്ദേശം.

ഇതിനായി ഇടത് കക്ഷികള്‍ ഉള്‍പ്പെടെ അണ്ണാഡിഎംകെ നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്ന മറ്റ് മതേതര പാര്‍ട്ടികളുടെ നേതാക്കളുടെ സഹായവും രാഹുല്‍ തേടിയതായാണ് സൂചന.

ഡിഎംകെയുമായി വൈകാരികമായ ‘പക’ എഐഎഡിഎംകെ അണികള്‍ക്കുള്ളതിനാല്‍ ഡിഎംകെ ഒഴികെയുള്ള മറ്റ് മതേതര പാര്‍ട്ടികളോടായിരിക്കും അസംതൃപ്തര്‍ക്ക് താല്‍പര്യമെന്നാണ് വിലയിരുത്തല്‍.

അതേസമയം ബിജെപിയുമായുള്ള സഹകരണം അണ്ണാഡിഎംകെയ്ക്ക് ഉണ്ടായാല്‍ ന്യൂനപക്ഷങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് ഡിഎംകെ. കോണ്‍ഗ്രസ്സിനെയും ഇടത് കക്ഷികളെയും കൂടെ നിര്‍ത്താനും ഡിഎംകെയ്ക്ക് പദ്ധതിയുണ്ട്.

എന്തുമാറ്റം സംഭവിച്ചാലും അധികം തമാസിയാതെ ഒരു പൊട്ടിത്തെറി അണ്ണാഡിഎംകെയില്‍ എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. അത് മുഖ്യമന്ത്രി മാറിയാലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പുതിയ താരോദയമുണ്ടായാലും പിളര്‍പ്പ് ഉറപ്പാണെന്നാണ് പൊതുവിലയിരുത്തല്‍.

അണ്ണാഡിഎംകെയ്ക്ക് കരുത്തനായ ഒരു നേതാവിനെ മുന്നോട്ട് വയ്ക്കാന്‍ ഇല്ല എന്നതാണ് അവര്‍ നേരിടുന്ന വലിയ പ്രതിസന്ധി.

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്‍തുടര്‍ച്ചക്കാരനെ നല്‍കാതെ കളംവിട്ട ജയലളിത ‘കൊടും ചതിയാണ്’ ആ പാര്‍ട്ടിയോട് ചെയ്തതെന്നാണ് രാഷ്ട്രീയനിരീക്ഷകരും അഭിപ്രായപ്പെടുന്നത്.

42എംപിമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനത്ത് ഒറ്റയടിക്ക് ഏറെക്കുറേ മൊത്തമായി എംപിമാരെ തൂത്തുവാരി ലോക്‌സഭയിലെത്തിച്ച ചരിത്രം എഐഎഡിഎംകെക്കുണ്ട്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദത്തില്‍ രണ്ടാം ഊഴം പ്രതീക്ഷിക്കുന്ന നരേന്ദ്രമോദിയുടെ നോട്ടവും ഈ എണ്ണത്തില്‍ തന്നെയാണ്.

പ്രതിപക്ഷ മഹാസഖ്യം പോലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ തമിഴകം ‘താമര കുമ്പിളിലൊതുക്കി’ യാല്‍ വലിയ നേട്ടമാകുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

ജയലളിത അത്യാസന്ന നിലയില്‍ ഇരിക്കുന്ന ഘട്ടം മുതല്‍ മരിച്ച് അടക്കം ചെയ്യുന്നത് വരെ എല്ലാക്കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ്. ഇതിന് നേതൃത്വം നല്‍കാന്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ തന്നെ ഫുള്‍ടൈം രംഗത്തിറക്കുകയും ചെയ്തു. ജയലളിതയുടെ തോഴി ശശികലയെ തലോടിയതിലുമുണ്ട് രാഷ്ട്രീയ ‘സിഗ്നല്‍’

ഈ അപകട സിഗ്നല്‍ തന്നെയാണ് പ്രതിപക്ഷത്തെയും ഇപ്പോള്‍ ഉഷാറാക്കിയിരിക്കുന്നത്.

നടന്‍ അജിത്ത് അല്ലാതെ മറ്റ് ആരും തന്നെ എഐഎഡിഎംകെ നേതൃസ്ഥാനത്ത് വന്നാലും ആ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാകാനാണ് സാധ്യത.

നാല് പേര്‍ അറിയുന്ന ഒരുനല്ല നേതാവ് ഇല്ല എന്നതാണ് അണ്ണാ ഡിഎംകെ നേരിടുന്ന പ്രതിസന്ധി. ശശികല വന്നാല്‍ പിന്നെ കാര്യങ്ങള്‍ പ്രതിപക്ഷമായിട്ട് ‘ഒന്നും ചെയ്യേണ്ടി വരില്ലെന്നാണ്’ രാഷ്ട്രീയനിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

Top