വടിവാളുകൊണ്ട് കേക്ക് മുറിച്ച ഗുണ്ട തലവെട്ടി ബിനു ഒടുവില്‍ കീഴടങ്ങി

gunda binu

കൊച്ചി : പിറന്നാള്‍ ആഘോഷത്തിനിടെ വടിവാളുകൊണ്ട് കേക്ക് മുറിച്ച തൃശൂര്‍ സ്വദേശി ഗുണ്ട ‘തലവെട്ടി ബിനു’ കീഴടങ്ങി. ചെന്നൈ അമ്പത്തൂര്‍ പൊലീസ് സ്റ്റേഷനിലാണ് ബിനു കീഴടങ്ങിയത്. നാല് കൊലക്കേസില്‍ പ്രതിയായ ബിനുവിനെ കണ്ടാല്‍ വെടിവെക്കാനായിരുന്നു പൊലീസ് ഉത്തരവ്.

കഴിഞ്ഞ ആറാം തിയ്യതിയാണ് ഗുണ്ട ബിനുവിന്റെ സങ്കേതത്തില്‍ പിറന്നാള്‍ ആഘോഷത്തിനിടെ പൊലീസ് റെയ്ഡ് നടത്തിയത്. പൊലീസ് എത്തിയതോടെ ഗുണ്ട ബിനു അടക്കം കുറച്ചുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ആഘോഷത്തിനെത്തിയ 73 ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നൂറിലധികം പേരാണ് പിറന്നാള്‍ ആഘോഷത്തിനെത്തിയിരുന്നത്.

തൃശൂര്‍ സ്വദേശിയായ ചൂളൈമേട് ബിന്നി പാപ്പച്ചനാണ് (45) ഗുണ്ട ബിനുവെന്ന പേരില്‍ അറിയപ്പെടുന്നത്. ബിനു ഉള്‍പ്പെടെയുള്ള 20 ല്‍ അധികം പേര്‍ പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. തമിഴ്‌നാട് പൊലീസാണ് ഇയാളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവിട്ടിരുന്നത്. തമിഴ്‌നാട് പൊലീസ് ബിനുവിനും മറ്റു രണ്ടു ഗുണ്ടകള്‍ക്കും വേണ്ടി കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

രണ്ടടി നീളമുള്ള വടിവാള്‍ ഉപയോഗിച്ചാണ് ബിനു പിറന്നാള്‍ കേക്ക് മുറിച്ചത്. ബിനുവിന്റെ പിറന്നാളാഘോഷത്തിന് ഗുണ്ടകള്‍ ഒത്തുചേരുന്ന വിവരം ലഭിച്ചത് പിടികിട്ടാപുള്ളിയായിരുന്ന മദനനെ പിടികൂടിയപ്പോഴാണ്.

വാഹനപരിശോധനക്കിടെയായിരുന്നു മദനന്‍ പിടിയിലായത്. അറസ്റ്റിലായ 75 ഗുണ്ടകളെയും ചെന്നൈയിലെ വിവിധ കോടതികളില്‍ ഹാജരാക്കിയിരുന്നു. 1994 ല്‍ ചെന്നൈയിലെത്തിയ ബിനു ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലായി എട്ടു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളെ ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ്.

Top