Biju Ramesh’s daughter’s marriage; Vs achuthanandan

തിരുവനന്തപുരം: നോട്ട് അസാധുവാക്കലില്‍പ്പെട്ട് സംസ്ഥാനത്തെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ കോടികള്‍ ‘പൊടിച്ച്’ നടത്തുന്ന മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെയും ബാറുടമ ബിജു രമേശിന്റെയും മക്കള്‍ തമ്മിലുള്ള വിവാഹം വിവാദമാകുന്നു.

കര്‍ണ്ണാടകയിലെ മുന്‍മന്ത്രിയും ബിജെപി നേതാവുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ 200 കോടിയുടെ വിവാഹം വിവാദമായിരിക്കെ കേരളത്തില്‍ കോണ്‍ഗ്രസ്സ് എംഎല്‍എ കൂടിയായ അടൂര്‍ പ്രകാശ് മകന്റെ വിവാഹം ഇത്തരത്തില്‍ ആര്‍ഭാടത്തില്‍ നടത്തുന്നതിനോട് കോണ്‍ഗ്രസ്സില്‍ തന്നെ പ്രതിഷേധം രൂക്ഷമാണ്.

കേവലം 500 രൂപക്ക് കല്യാണം നടത്തി മാതൃകയായ ഹൈദരാബാദിലെ ഐഎഎസ് ദമ്പതികളെ അടൂര്‍ പ്രകാശ് ഓര്‍ക്കണമായിരുന്നുവെന്നാണ് കോണ്‍ഗ്രസ്സിനുള്ളിലെ വികാരം.

ഇടത്പക്ഷമുള്‍പ്പെടെ മറ്റ് എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും പൊതുസമൂഹത്തിനിടയിലും വിവാഹ മാമാങ്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് അലയടിക്കുന്നത്.

biju-ramesh-daughter-wedding-jpg-image-784-410

40മുതല്‍ 100 കോടി വരെ ചിലവ് വരും ഈ പണക്കൊഴുപ്പിന്റെ മാമാങ്കത്തിനെന്നാണ് ആരോപണം.

ജനരോക്ഷം കത്തിപ്പടരുന്ന സാഹചര്യത്തില്‍ വിവാഹത്തില്‍ പങ്കെടുക്കുന്ന കാര്യത്തിലും നേതാക്കള്‍ക്കിടയിലും ഭിന്നത രൂക്ഷമായിട്ടുണ്ട്.

മുന്‍പ് രവി പിള്ളയുടെ മകളുടെ ഇതിന് സമാനമായ കോടികള്‍ ഒഴുകിയ വിവാഹ മാമാങ്കത്തില്‍ പങ്കെടുക്കാതെയിരുന്ന വിഎസ് അച്യുതാനന്ദന്‍ അടൂര്‍ പ്രകാശിന്റെയും ബിജു രമേശിന്റെയും മക്കള്‍ തമ്മിലുള്ള വിവാഹത്തില്‍ പങ്കെടുക്കുമോയെന്നാണ് എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് വിജിലന്‍സിന് വിവാഹവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ച സ്ഥിതിക്ക്.

മറ്റേത് രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്താലും വിഎസിനെ പോലെ രാഷ്ട്രീയ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന വ്യക്തി ഈ ചടങ്ങിനെത്തില്ലെന്നാണ് ഒരുവിഭാഗം കരുതുന്നത്.

സംസ്ഥാന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ വിഎം സുധീരന്റെ ആദര്‍ശവുമായി അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹം ചേര്‍ന്ന് പോകുമോയെന്ന ചോദ്യവും ഉയര്‍ന്ന് കഴിഞ്ഞു.

ബിജു രമേശിന്റെ മകളാണ് മകന്റെ വധുവെന്നും, വധുവിന്റെ വീട്ടുകാരാണ് കാര്യങ്ങളെല്ലാം ചെയ്യുന്നതെന്നും പറഞ്ഞാണ് അടൂര്‍ പ്രകാശ് വിവാദത്തില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുന്നത്.

biju-ramesh

എന്നാല്‍ രണ്ട് തവണ സംസ്ഥാന മന്ത്രിയായ, മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കൂടിയായ അടൂര്‍ പ്രകാശിന് സ്വന്തം മകന്റെ വിവാഹം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശമുള്ളപ്പോള്‍ ഈ വാദം വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം പറയുന്നത്.

നോട്ട് പ്രതിസന്ധികള്‍ക്കിടയിലെ ഈ കോടികള്‍ ചിലവിട്ട വിവാഹ മാമാങ്കം പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കുമെന്ന അഭിപ്രായമാണ് പ്രവര്‍ത്തകര്‍ക്ക്.

ബാങ്കുകളില്‍ നിന്ന് നാമമാത്രമായ തുകയെ പിന്‍വലിക്കാന്‍ പറ്റുവെന്നിരിക്കെ കോടികള്‍ പൊടിക്കാന്‍ എവിടെ നിന്നാണ് പണം ലഭിച്ചതെന്ന ചോദ്യവും ഉയര്‍ന്ന് കഴിഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ചുമതലയുള്ള പനീര്‍ശെല്‍വമടക്കമുള്ളവര്‍ വിവാഹത്തിനെത്തുന്നുണ്ടെങ്കിലും കേരള മന്ത്രിസഭയില്‍ നിന്നും ആരൊക്കെ പോവുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആര്‍ഭാട വിവാഹത്തില്‍ പങ്കെടുത്താല്‍ ജനരോക്ഷം എതിരാകുമോയെന്ന ഭയം പലര്‍ക്കുമുണ്ട്. എന്നാല്‍ വിവാഹം പോലുള്ള കാര്യങ്ങളില്‍ ക്ഷണിക്കപ്പെട്ടാല്‍ പോവണമെന്ന നിലപാടിലാണ് ഒരു വിഭാഗം.

Top