Bijimol shunted out from CPI state council; cpm ready to invite

ഇടുക്കി: സിപിഐ എംഎല്‍എ ബിജിമോള്‍ ആഗ്രഹിക്കുകയാണെങ്കില്‍ അവരെ സിപിഎമ്മില്‍ എടുക്കാന്‍ തയ്യാറാണെന്ന് സൂചന.

സംസ്ഥാനത്ത് സിപിഎമ്മില്‍ നിന്ന് അച്ചടക്ക നടപടിക്ക് വിധേയരായവരും അല്ലാത്തവരുമായി നിരവധി പേരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കം മുന്നിട്ടിറങ്ങി സിപിഐയില്‍ പ്രവേശനം നല്‍കിയതിന് മുഖമടച്ച ഒരു തിരിച്ചടി ഇതുവഴി നല്‍കാമെന്നാണ് സിപിഎമ്മിന്റെ കണക്ക്കൂട്ടല്‍.

മന്ത്രിപദം ലഭിക്കാതെ പോയത് ഗോഡ്ഫാദര്‍ ഇല്ലാത്തത് കൊണ്ടാണെന്ന വിവാദ പ്രതികരണത്തിന്റെ പേരില്‍ പീരുമേട് എംഎല്‍എയായ ബിജിമോളെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തിയിരുന്നു.

ഈ അച്ചടക്ക നടപടിക്ക് ശേഷം ഇപ്പോള്‍ വീണ്ടും പാര്‍ട്ടി തല അച്ചടക്ക നടപടിക്ക് സിപിഐ നീക്കം തുടങ്ങിയതോടെയാണ് സിപിഎം ബിജിമോള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുന്നത്.

എംഎല്‍എമാര്‍ക്കുള്ള ഭവനവായ്പ വാങ്ങും മുന്‍പ് പാര്‍ട്ടി അനുമതി വാങ്ങിയില്ല എന്നതാണ് പുതിയ കുറ്റം. എന്നാല്‍ നാമനിര്‍ദ്ദേശ പത്രികക്കൊപ്പം ബിജിമോള്‍ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തില്‍ സര്‍ക്കാരില്‍ നിന്ന് വായ്പയെടുത്ത കാര്യം വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഇക്കാര്യം മുന്‍നിര്‍ത്തി വീണ്ടും ബിജിമോള്‍ക്കെതിരെ നടപടിയെടുക്കാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് എംഎല്‍എക്കൊപ്പമുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്.

കൂറ്മാറ്റ നിയമം ബാധകമായതിനാല്‍ സിപിഎമ്മിലേക്ക് കൂട് മാറിയാല്‍ എംഎല്‍എ സ്ഥാനം നഷ്ടമാകുമെന്നതിനാല്‍ സിപിഐ പുറത്താക്കല്‍ നടപടിയടക്കമുള്ള കാര്യങ്ങള്‍ ആലോചിച്ചാല്‍ മാത്രമേ ബിജിമോള്‍ക്ക് സിപിഎമ്മിനോട് സഹകരിക്കാന്‍ പറ്റു.

അതല്ലെങ്കില്‍ പാര്‍ട്ടി പുറത്താക്കാന്‍ ഇടയാക്കുന്ന പ്രവര്‍ത്തി അവരുടെ ഭാഗത്ത് നിന്ന് മന:പൂര്‍വ്വം ഇനി ഉണ്ടാകണം. പി സി ജോര്‍ജ് കേരള കോണ്‍ഗ്രസ്സുമായി ഇടഞ്ഞിട്ടും അദ്ദേഹത്തെ ഔദ്യോഗികമായി പുറത്താക്കാത്തതിനാല്‍ കേരള കോണ്‍ഗ്രസ്സ് എംഎല്‍എയായിട്ട് തന്നെ ഏറെ നാള്‍ തുടരേണ്ട ഗതികേട് ഉണ്ടായിരുന്നു. സമാന സാഹചര്യമാണ് മറുകണ്ടം ചാടാന്‍ തീരുമാനിച്ചാല്‍ ബിജിമോളെയും കാത്തിരിക്കുന്നത്.

കാര്യങ്ങള്‍ എന്ത് തന്നെയായാലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആവുന്ന ഘട്ടത്തില്‍ ബിജിമോള്‍ സിപിഐയില്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ സിപിഐ നേതാക്കള്‍ക്ക് പോലും ഉറപ്പില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

മുന്ന് തവണ പീരുമേട് എംഎല്‍എയായ ബിജിമോള്‍ക്ക് ഇടുക്കിയില്‍ തോട്ടം തൊഴിലാളി മേഖലയിലടക്കം വന്‍സ്വാധീനമാണുള്ളത്.

തോട്ടം തൊഴിലാളി സ്ത്രീകള്‍ (പൊമ്പിളൈ ഒരുമൈ) നടത്തിയ സമരത്തില്‍ നിന്ന് രാഷ്ട്രീയക്കാരെ ഓടിച്ച് വിട്ടപ്പോഴും അവര്‍ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചത് വിഎസിനെയും ബിജിമോളെയും മാത്രമായിരുന്നു.

സിപിഐക്ക് അകത്തെ ചില നേതാക്കളുടെ വ്യക്തി വിരോധം കൊണ്ട് കൂടിയാണ് ബിജിമോള്‍ വേട്ടയാടപ്പെടുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

സാധാരണ ഗതിയില്‍ മൂന്ന് തവണ എംഎല്‍എയായ ബിജിമോളെ സിപിഐ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. നിലവിലെ നേതൃത്വത്തിനുള്ള അസ്വീകാര്യതയാണ് ബിജിമോള്‍ക്ക് തിരിച്ചടിയായത്.

ബിജിമോള്‍ സിപിഎമ്മിലേക്ക് പോവുകയാണെങ്കില്‍ അത് ഇടുക്കിയില്‍ സിപിഐക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉന്നത നേതാവ് വ്യക്തമാക്കി.പാര്‍ട്ടി അച്ചടക്കം ബിജിമോള്‍ അനുസരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top