ബിജെപി മന്ത്രിമാരുമായി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിഹാര്‍ മന്ത്രിസഭ വികസിപ്പിച്ചു

പാറ്റ്‌ന: നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ 35 മന്ത്രിമാരുമായി ബിഹാര്‍ മന്ത്രിസഭ വികസിപ്പിച്ചു.

എന്‍ഡിഎയുടെ 16 എംഎല്‍എമാരും ജെഡിയുവിന്റെ 19 എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശനിയാഴ്ച വൈകുന്നേരം പാറ്റ്‌നയിലെ രാജ്ഭവനില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ബിജെപിയുടെ മംഗള്‍ പാണ്ഡെ, പ്രേം കുമാര്‍, നന്ദ് കിഷോര്‍ യാദവ് എന്നിവര്‍ കാബിനറ്റില്‍ ഉള്‍പ്പെടും.

ബിജെപി പിന്തുണയോടെ അധികാരത്തിലേറിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍ വിശ്വാസവോട്ട് നേടിയത്. 243 അംഗ സഭയില്‍ നിതീഷ്‌കുമാറിനെ 131 പേര്‍ അനുകൂലിച്ചപ്പോള്‍ 108 പേര്‍ എതിര്‍ത്തു. ജെഡി-യു(70), ബിജെപി(52), എച്ച്എഎം(ഒന്ന്), ആര്‍എല്‍എസ്പി(രണ്ട്), എല്‍ജെപി(രണ്ട്), സ്വതന്ത്രര്‍(നാല്) എന്നീ കക്ഷികളാണ് പിന്തുണച്ചത്. ആര്‍ജെഡി(79), കോണ്‍ഗ്രസ്(26), സിപിഐ-എംഎല്‍(മൂന്ന്) എന്നീ കക്ഷികള്‍ എതിര്‍ത്തു.

മൂന്നംഗങ്ങള്‍ക്കും സ്പീക്കര്‍ വിജയ് കുമാര്‍ ചൗധരിക്കും വോട്ട് ചെയ്യാനായില്ല. ആര്‍ജെഡി, ബിജെപി, കോണ്‍ഗ്രസ് അംഗങ്ങളാണു വോട്ട് ചെയ്യാത്തത്. ലെജി സ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളായതുകൊണ്ട് മുഖ്യമന്ത്രി നിതീഷ്‌കുമാറിനും ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിക്കും വോട്ടിംഗില്‍ പങ്കെടുക്കാനാവില്ലായിരുന്നു.

Top