Big Fat Kerala Wedding: Vs achuthanandan-didn’t-participate

തിരുവനന്തപുരം: കോടികള്‍ ധൂര്‍ത്തടിക്കുന്ന മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെയും ബാറുടമ ബിജു രമേശിന്റെയും മക്കളുടെ വിവാഹ സല്‍ക്കാര ചടങ്ങില്‍
ഭരണപരിഷ്‌കാര അദ്ധ്യക്ഷന്‍ വിഎസ് പങ്കെടുത്തില്ല.

വിഎസിനെ എങ്ങിനെയെങ്കിലും വിവാഹ പന്തലിലെത്തിക്കാന്‍ ‘സംഘാടകര്‍’ കിണഞ്ഞ് ശ്രമിച്ചെങ്കിലും ജനങ്ങള്‍ പണത്തിനായി കഷ്ടപ്പെടുമ്പോള്‍ ആഢംബര ‘കൊട്ടാര’ത്തിലെത്താന്‍ തനിക്ക് കഴിയില്ലെന്ന മറുപടിയാണ് വിഎസ് നല്‍കിയത്.

വൈകീട്ട് നടന്ന സൽക്കാരത്തിൽ രാജ്യസഭ ഡെപ്യൂട്ടി സ്പീക്കർ പിജെ കുര്യൻ, മുൻ കേന്ദ്ര മന്ത്രി വയലാർ രവി, മന്ത്രിമാരായ മേഴ്സി കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രൻ ബി.ജെ.പി. എം എൽ എ ഒ രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തപ്പോൾ വി.എസ് അച്ചുതാനന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങി സംസ്ഥാന രാഷ്ട്രീയത്തിലെ ഭൂരിപക്ഷം പേരും ചടങ്ങിൽ നിന്നും വിട്ടു നിന്നു.

തലസ്ഥാനത്ത് പടുത്തുയര്‍ത്തിയ കൊട്ടാര മോഡല്‍ പന്തലില്‍ വൈകിട്ട് നടന്ന സൽക്കാര ചടങ്ങിൽ കോടീശ്വരന്മാരാണ് ഏറെയും തിളങ്ങിയത്.

വിഎസ് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്താല്‍ പിന്നെ മറ്റ് വിമര്‍ശനങ്ങള്‍ നേരിടുന്നത് ‘ചെറുക്കാം’ എന്ന് കണ്ട് ചില മുതിര്‍ന്ന നേതാക്കളുടെ ഉപദേശപ്രകാരമാണ് വിഎസിന് മേലുള്ള സമ്മര്‍ദ്ദം മുറുകിയത്.അടുപ്പക്കാര്‍ മുതല്‍ കുടുംബാംഗങ്ങള്‍ വരെയുള്ളവര്‍ വഴിയായിരുന്നു സമ്മര്‍ദ്ദമത്രെ.

വിഎസ് നിലപാട് വ്യക്തമാക്കിയതോടെയാണ് മറ്റു രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കാതെ തലയൂരിയത്‌.

സാമൂഹിക പ്രതിബദ്ധതയുള്ള ജനങ്ങളുള്ള കേരളത്തില്‍ ഉത്തരവാദിത്വപ്പെട്ട ഒരു മുന്‍മന്ത്രിയും എംഎല്‍എയുമായ വ്യക്തിയുടെ മകന്റെ വിവാഹം തന്നെ പണക്കൊഴുപ്പിന്റെ അഹങ്കാരമായി മാറുന്നതിനെതിരെ വൈകാരികമായാണ് സോഷ്യല്‍മീഡിയ പ്രതികരിക്കുന്നത്.

പ്രമുഖ ചാനലുകളെയും മറ്റ് മാധ്യമങ്ങളെയും തങ്ങളുടെ ‘സ്വാധീന’ ശക്തിയാല്‍ നിശബ്ദമാക്കിയ സംഘാടകര്‍ക്ക് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ ശക്തമായ ഇടപെടലുകളിലാണ് കണക്ക്കൂട്ടലുകള്‍ പിഴച്ചത്.

ഏത് മാധ്യമം കണ്ണടച്ചാലും ഇത്തരം ആര്‍ഭാടങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ഓരോ വ്യക്തിയും സ്വയം മാധ്യമ പ്രവര്‍ത്തകനായി മാറി… വിവാഹം സംബന്ധിച്ച് പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലയി ഇതിനകം തന്നെ മാറിക്കഴിഞ്ഞു. ജനങ്ങളുടെ ഈ പ്രതിഷേധം കൂടി കണക്കിലെടുത്താണ് ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് വിഎസ് തീരുമാനിച്ചത്.

അനധികൃതമായി പാര്‍വതി പുത്തനാര്‍ നികത്തിയ സ്ഥലത്താണ് ഇപ്പോള്‍ അത്യാര്‍ഭാട വിവാഹം നടക്കുന്നത് എന്നതും വിവാദമായി കഴിഞ്ഞു. ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് കോട്ടയം സ്വദേശി പരാതി നല്‍കിയിട്ടുണ്ട്.

നോട്ട് പ്രതിസന്ധി കണക്കിലെടുത്ത് ഹൈദരാബാദില്‍ വെറും 500 രൂപയില്‍ തങ്ങളുടെ വിവാഹമൊരുക്കിയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ മാതൃകയായതെങ്കില്‍ തൊട്ടടുത്ത സംസ്ഥാനമായ കേരളത്തില്‍ കോടികള്‍ ‘പൊട്ടിച്ചാണ്’ എംഎല്‍എയുടെ മകന്റെ വിവാഹം പൊടിപൊടിക്കുന്നത്.

അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണനും ബിജു രമേശിന്റെ മകള്‍ മേഘയും തമ്മിലുള്ള വിവാഹമാണ് കാലത്ത് നടന്നത്.

അടൂര്‍ പ്രകാശിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനകത്ത് തന്നെ ആര്‍ഭാട വിവാഹത്തെച്ചൊല്ലി ഭിന്നാഭിപ്രായം ഉടലെടുത്തിരുന്നു.

Top