നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ബംഗളുരു: പട്ടികയില്‍ ചെന്നൈയിനെ മറികടന്ന് ഒന്നാമത്

ബംഗളുരു: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ച് ബംഗളുരു എഫ്‌സി. ഇന്ത്യന്‍ താരവും ബംഗളുരു നായകനുമായ സുനില്‍ ഛേത്രിയാണ് ബംഗളുരുവിന്റെ വിജയഗോള്‍ നേടിയത്.

ജയത്തോടെ 12 മത്സരങ്ങളില്‍നിന്ന് 24 പോയിന്റുമായി ബംഗളുരു എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 23 പോയിന്റുള്ള ചെന്നൈയിനെയാണ് ബംഗളുരു മറിടകടന്നത്.

മത്സരം ആരംഭിച്ച് 14-ാം മിനിറ്റില്‍തന്നെ സ്വന്തം ഗ്രൗണ്ടില്‍ ബംഗളുരു ഗോള്‍ കണ്ടെത്തി. എഡു ഗാര്‍ഷ്യയുടെ പാസ് ജുവാനന്‍ ഗോളാക്കി മാറ്റുകയായിരുന്നു. എന്നാല്‍ ഒന്നാം പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് സമനില കണ്ടെത്തി. ഡൗംഗലിനെ സുഭാശിഷ് ബോസ് ബോക്‌സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് മാഴ്‌സീന്യോ നോര്‍ത്ത് ഈസ്റ്റിനു സമനില നല്‍കുകയായിരുന്നു.

സ്വന്തം ഗ്രൗണ്ടില്‍ സമനില ഗോള്‍ വീണതോടെ രണ്ടാം പകുതിയില്‍ ബംഗളുരു ഉണര്‍ന്നു കളിച്ചു. ഹര്‍മന്‍ജോത് ഖബ്രയുടെ പാസ് ബംഗളുരു നായകന്‍ ബോക്‌സിലേക്കു കുതിച്ചെത്തിയ സുനില്‍ ഛേത്രി നോര്‍ത്ത് ഈസ്റ്റ് വലയിലേക്കു തിരിച്ചുവിടുകയായിരുന്നു.

Top