began to protest; SFI announced ​ NDA leader college March

തിരുവനന്തപുരം: ബി ജെ പി മുന്നണിയെ പ്രതിരോധത്തിലാക്കി എസ്എഫ്‌ഐയുടെ സമര പ്രഖ്യാപനം.

കുട്ടനാട്ടില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായിരുന്ന ബി ഡി ജെ എസ് നേതാവും വെള്ളാപ്പള്ളി നടേശന്റെ അടുത്ത അനുയായിയുമായ സുഭാഷ് വാസുവിന്റെ ഉടമസ്ഥതയിലുള്ള വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലേക്ക് ഏഴാം തിയ്യതി എസ്എഫ്‌ഐ മാര്‍ച്ച് നടത്തും. സംസ്ഥാന സെക്രട്ടറി എം.വിജിനാണ് ഇക്കാര്യം അറിയിച്ചത്.

കടുത്ത വിദ്യാര്‍ത്ഥി പീഢനങ്ങളാണ് ഈ കോളേജില്‍ നടക്കുന്നതെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഇന്റേണല്‍ മാര്‍ക്ക്, മുടി പ്രശ്‌നം, ഇടിമുറി ഉള്‍പ്പെടെയുള്ളവ ചൂണ്ടികാണിച്ചാണ് വിദ്യാര്‍ത്ഥി മാര്‍ച്ച്.

ബി ജെ പി നേതാവ് വി.മുരളീധരന്‍ ലോ അക്കാദമി കവാടത്തില്‍ നിരാഹാരം തുടങ്ങിയ സമയത്ത് വളരെ സജീവമായി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കൊപ്പം നിലകൊണ്ട നേതാവാണ് സുഭാഷ് വാസു. ബി ജെ പിയുടെ സംസ്ഥാനത്തെ പ്രബല ഘടകകക്ഷി കൂടിയാണ് ബി ഡി ജെ എസ്.

ലോ അക്കാദമിയില്‍ മാത്രമല്ല വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് ഏത് സ്ഥാപനത്തില്‍ നടന്നാലും അത് ചോദ്യം ചെയ്യുമെന്നും പ്രതികരിക്കുമെന്നുമാണ് എസ്എഫ്‌ഐ നിലപാട്.

സി പി എം നേതാവ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെട്ടു പോയി എന്ന ഒറ്റ കാരണം മുന്‍നിര്‍ത്തി സി പി എംനെയും സര്‍ക്കാറിനെയും കടന്നാക്രമിക്കുയും എസ്എഫ്‌ഐയെ ഒറ്റുകാരായി ചിത്രീകരിക്കുകയും ചെയ്യുന്നവരുടെ തനി നിറം തുറന്ന് കാട്ടുന്നതിന് കൂടി വേണ്ടിയാണ് ഈ ഘട്ടത്തില്‍ എസ്എഫ്‌ഐ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

സുഭാഷ് വാസുവിന്റെ കോളേജിലേക്കുള്ള മാര്‍ച്ച് ഒരു തുടക്കമാണെന്നാണ് സൂചന. തലസ്ഥാനത്തെ പ്രമുഖ ആര്‍എസ്എസ് നേതാവ് രാമചന്ദന്‍ നായരുടെ ഉടമസ്ഥതയിലുള്ള നേമത്തെ വിദ്യാരാജ ഹോമിയോ കോളജിലേക്കും മറ്റൊരു എസ് എന്‍ ഡി പി യോഗം നേതാവ് പ്രൊഫ.ശശികുമാറിന്റെ നിയന്ത്രണത്തിലുള്ള ശ്രീ ബുദ്ധ വുമണ്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലേക്കും സമരം വ്യാപിപ്പിക്കുന്നതിനെ കുറിച്ചും എസ്എഫ്‌ഐ ആലോചിക്കുന്നുണ്ട്. കടുത്ത നിയമലംഘനങ്ങളാണ് ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

നേമം വിദ്യാരാജ ഹോമിയോ കോളേജിനെതിരെ നിലവില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. എന്‍ട്രന്‍സ് പോലും എഴുതാത്ത 10 വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പ്രവേശനം നല്‍കിയെന്നും സര്‍ക്കാര്‍ ഭൂമി ലഭിച്ചതിന് പിന്നില്‍ ക്രമക്കേട് ഉണ്ടെന്നുമാണ് പരാതി. ശ്രീ ബുദ്ധ വുമണ്‍ കോളേജിന്റെ അഫിലിയേഷന്‍ സംബന്ധമായും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ ബുധനാഴ്ച Express Kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കോട്ടയം അമല്‍ ജ്യോതിയിലേക്ക് നടന്ന എസ്എഫ്‌ഐ മാര്‍ച്ചില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്ന് ആദ്യമായി എസ്എഫ്‌ഐ കൊടിമരം സ്ഥാപിക്കുകയുണ്ടായി. ഇതിനു സമാനമായ രൂപത്തില്‍ വിദ്യാര്‍ത്ഥി പീഢനം നടത്തുന്ന പത്തനംതിട്ട മുസലിയാര്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തുവാനും എസ്എഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് വിലക്കുള്ള സ്വാശ്രയ കോളേജുകളില്‍ അനുകൂല സാഹചര്യം ഉപയോഗിച്ച് കടന്നുകയറാനും വിദ്യാര്‍ത്ഥി പ്രശ്‌നം ഏറ്റെടുത്ത് പ്രക്ഷോഭം സംഘടിപ്പിക്കുവാനും 14 ജില്ല കമ്മിറ്റികള്‍ക്കും എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top