before the intervention of crime branch police disclose the mystery and arrest the accused person

കൊച്ചി: ക്രൈംബ്രാഞ്ച് എത്തുന്നതിനു മുന്‍പ് മിഷേലിന്റെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിച്ച് കൊച്ചി പൊലീസ്.

രണ്ടു വര്‍ഷമായി ക്രോണിന്‍ മിഷേലുമായി പ്രണയത്തിലാണെന്ന് മിഷേലിന്റെ സുഹൃത്തായ പെണ്‍കുട്ടിയും പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. മിഷേലിന് ക്രോണിനോട് വെറുപ്പില്ലായിരുന്നുവെങ്കിലും ഒരുമിച്ചു ജീവിക്കാനൊന്നും തയ്യാറായിരുന്നില്ല.

സുഹൃത്തുക്കളുമായി മിഷേല്‍ സംസാരിക്കുന്നത് പോലും ക്രോണിന് ഇഷ്ടമല്ലായിരുന്നുവത്രെ.ഇതിന്റെ പേരില്‍ നിരന്തരം മിഷേലുമായി ക്രോണിന്‍ വഴക്കിടുമായിരുന്നുവെന്നും സുഹൃത്ത് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

മിഷേലിലെ കാണാതായതിന്റെ തലേദിവസം ക്രോണിന്റെ ഫോണില്‍ നിന്നും 57 സന്ദേശങ്ങളാണ് പെണ്‍കുട്ടിക്ക് അയച്ചിരുന്നത്.

മിഷേലിന്റെ ഫോണ്‍ ഇതുവരെ പൊലീസിന് കണ്ടെടുക്കാന്‍ പറ്റിയിട്ടില്ല. ക്രോണിന്റെ കൈവശമുള്ള ഫോണില്‍ എസ് എം എസുകളടക്കം ഡിലിറ്റ് ചെയ്ത അവസ്ഥയിലുമാണ്.

ഇത് തിരിച്ചെടുക്കാന്‍ പൊലീസ് വിദഗ്ദരുടെ സഹായത്തോടെ ശ്രമം തുടങ്ങിയിട്ടുണ്ട്. ഉള്ളടക്കം ലഭിച്ചിട്ടില്ലെങ്കിലും എത്ര സന്ദേശങ്ങള്‍ ക്രോണിന് അയച്ചുവെന്നത് സംബന്ധിച്ച് മൊബൈല്‍ കമ്പനിയുടെ സഹായത്തോടെ നേരത്തെ തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

അതേസമയം പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്ന് വളരെ കുറച്ച് സന്ദേശങ്ങള്‍ മാത്രമേ ക്രോണിന്റെ മൊബൈലിലേക്ക് പോയിരുന്നുള്ളു. മിഷേലിന്റെ സുഹൃത്ത് നല്‍കിയ മൊഴി സത്യമാണെന്ന് ബോധ്യപ്പെടുത്തുന്ന വിവരങ്ങളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്.

ക്രോണിനുമായുള്ള തര്‍ക്കത്തിനൊടുവില്‍ മന:സമാധാനം നഷ്ടപ്പെട്ട് മിഷേല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വെള്ളത്തില്‍ വീണു മരിച്ചതിനെ സാധൂകരിക്കുന്നതാണെങ്കിലും മറ്റ് വശങ്ങള്‍ കുടി പൊലീസു പരിശോധിക്കുന്നുണ്ട്.

ഗോശ്രീ പാലത്തില്‍ വച്ചു മിഷേലെന്നു തോന്നിക്കുന്ന യുവതിയെ കണ്ടതായ ദൃക്‌സാക്ഷിയുടെ മൊഴിയും പൊലീസിന്റെ നിഗമനങ്ങള്‍ക്ക് ബലം നല്‍കുന്നതാണ്.

ലോക്കല്‍ പൊലീസില്‍ അതൃപ്തി രേഖപ്പെടുത്തിയ മിഷേലിന്റെ കുടുംബത്തിന്റെ നിലപാടു കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കേസ് ക്രൈംബ്രാഞ്ചിനു വിട്ടിരുന്നത്.

എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കും മുന്‍പു തന്നെ ലോക്കല്‍ പൊലീസ് ദുരൂഹതയുടെ ചുരുളഴിക്കുകയും ആത്മഹത്യക്ക് പ്രേരണ ചൊലുത്തിയ ക്രോണിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

ഇനി ക്രൈംബ്രാഞ്ചിന് അന്വേഷിക്കാന്‍ സംഭവദിവസം പരാതിയുമായി എത്തിയ മാതാപിതാക്കളോട് പൊലീസ് മോശമായി പെരുമാറിയെന്ന ആക്ഷേപം മാത്രമാണെന്നന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

മാതാപിതാക്കളുടെയും പൊതു സമൂഹത്തിന്റെയും സംശയങ്ങള്‍ കൂടി പൂര്‍ണ്ണമായും ദുരീകരിക്കുന്നതിനായി ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമെന്നുതന്നെയാണ് സൂചന.

ഇതിനിടെ മിഷേലിന്റെ മരണവുമായി ബന്ധപെട്ട് തനിക്ക് യാതൊരു ബന്ധവുമില്ലെന്ന അവകാശവാദവുമായി ക്രോണിന്‍ രംഗത്തുവന്നിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോള്‍ ഒരു സ്വകാര്യ ചാനലിനോടായിരുന്നു പ്രതികരണം. താനും മിഷേലും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ക്ക് അറിയാമായിരുന്നു എന്ന് യുവാവ് അവകാശപ്പെടുന്നു. എന്നാല്‍ ഇങ്ങനെയൊരു കാര്യം തനിക്കറിയില്ലെന്ന് മിഷേലിന്റെ പിതാവ് ഷാജി നേരത്തെ പറഞ്ഞിരുന്നു. ശാസ്ത്രീയ തെളിവുകളും പ്രതിക്ക് എതിരാണ്.

Top