ഒത്തുക്കളി ആരോപണം; മുഹമ്മദ് ഷമിക്ക് ബിസിസിഐയുടെ ക്ലീന്‍ ചിറ്റ്

SHAMI

മുംബൈ: പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് ബിസിസിഐയുടെ ക്ലീന്‍ ചിറ്റ്. ഭാര്യയുടെ ആരോപണത്തെ തുടര്‍ന്ന് കരാര്‍ പട്ടികയില്‍ നിന്ന് മാറ്റി നിര്‍ത്തിയ മുഹമ്മദ് ഷമിയെ ബിസിസിഐ വാര്‍ഷിക കരാറിലേക്ക് തിരിച്ച് കൊണ്ടുവന്നു. മൂന്ന് ലക്ഷം രൂപ ലഭിക്കുന്ന ഗ്രേഡ് ബി-യിലാണ് ഷമിയെ ഉള്‍പ്പെടുത്തിയത്.

ഭാര്യ ഹസിന്‍ ജഹാന്‍ ഷമിക്കെതിരേ ഉന്നയിച്ച ഒത്തുക്കളി ആരോപണത്തില്‍ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷമിയുമായി കരാര്‍ തുടരാന്‍ ബിസിസിഐ തീരുമാനിച്ചത്. ഡല്‍ഹി മുന്‍ പോലീസ് കമ്മീഷണര്‍ ബിസിസിഐ അഴിമതി വിരുദ്ധ സമിതി തലവന്‍ നീരജ് കുമാറാണ് അന്വേഷണം നടത്തിയത്.

ബിസിസിഐ കരാര്‍ പട്ടികയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ഏപ്രിലില്‍ തുടങ്ങുന്ന ഐ.പി.എലിലും ഷമിക്ക് കളിക്കാനാകും. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായാണ് ഇത്തവണ ഷമി കളത്തിലിറങ്ങുക. ഗാര്‍ഹിക പീഡനവും, പരസ്ത്രീ ബന്ധവും അടക്കമുള്ള ആരോപണങ്ങളാണ് ഷമിക്കെതിരേ ഭാര്യ ഉന്നയിച്ചിരുന്നത്. പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Top