ബാങ്ക് ലയനം; കേരളത്തിലെ നൂറോളം എസ്.ബി.ഐ ശാഖകള്‍ പൂട്ടുന്നു

SBI

ന്യൂഡല്‍ഹി: ബാങ്ക് ലയനത്തിന്റെ ഭാഗമായി എസ്.ബി.ഐ. കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടുന്നു.

197 ശാഖകള്‍ പൂട്ടാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവില്‍ 44 ശാഖകള്‍ പൂട്ടിയിട്ടുണ്ട്. ശേഷിക്കുന്ന അറുപതിലേറെ ശാഖകള്‍കൂടി ഉടന്‍ പൂട്ടാനാണ് തീരുമാനം.

ഏപ്രിലില്‍ എസ്.ബി.ഐ, എസ്.ബി.ടി. ലയനം പൂര്‍ത്തിയായെങ്കിലും പല സ്ഥലങ്ങളിലും രണ്ടു ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തനം തുടരുന്നുണ്ടായിരുന്നു.

എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ അടുത്തുള്ള ശാഖകളുടെ ലയനം എന്ന നിലയിലാണ് ഇപ്പോഴിവ പൂട്ടുന്നത്.

രണ്ടു ശാഖകള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു കെട്ടിടം കണ്ടെത്തി അങ്ങോട്ടു മാറ്റാനും പദ്ധതിയുണ്ട്.

ഒരേ പ്രദേശത്ത് രണ്ടു ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഇതില്‍ ചെറിയ ശാഖ പൂട്ടും. എസ്.ബി.ടി.ക്കും എസ്.ബി.ഐ.ക്കും ഒരേ സ്ഥലത്തുതന്നെ ശാഖകള്‍ ഉണ്ടെങ്കില്‍ ഇവയിലൊന്ന് നിര്‍ത്തലാക്കാനാണ് തീരുമാനം.

ശാഖ പൂട്ടിയാല്‍ അവിടത്തെ പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ള പാസ് ബുക്കും ചെക്ക് ബുക്കും ഉപയോഗിച്ച് പുതിയ ശാഖയില്‍ ഇടപാട് തുടരാം. സംസ്ഥാനത്താകെ നൂറിലേറെ ശാഖകളാണ് ഇത്തരത്തില്‍ നിര്‍ത്തലാക്കാന്‍ കണ്ടെത്തിയിരിക്കുന്നത്.

Top