‘ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമം, സഹായിക്കണം ബ്ലീസ്..; വിമര്‍ശകരോട് ബല്‍റാം

BALRAM

പാലക്കാട്: കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിവാദത്തില്‍ തന്നെ വിമര്‍ച്ചവര്‍ക്ക് ചുട്ട മറുപടിയുമായി വി. ടി ബല്‍റാം എംഎല്‍എ. തന്റെ ഒദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കിയത്.

വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി തന്റെ ഫെയ്‌സ്ബുക്കിലെ കവര്‍ ഫോട്ടോയിലായിരുന്നു ബല്‍റാം മാറ്റം വരുത്തിയത്. ‘ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്, മൊത്തം ഷോ ഓഫാണ്, സഹായിക്കണം ബ്ലീസ്…’ എന്ന അഭ്യര്‍ഥനയൊടൊപ്പം പച്ച നിറത്തിലുള്ള ഷര്‍ട്ട് ഉള്‍പ്പെടെ മൊത്തം പച്ച പശ്ചാത്തലത്തിലുളള കവര്‍ ഫോട്ടോ ആയിരുന്നു ബല്‍റാം പങ്കുവെച്ചത് .

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനം സാധൂകരിക്കാനുള്ള നിയമം നിയമസഭ പാസാക്കിയത് പ്രതിപക്ഷത്തിന്റെ പൂര്‍ണമായ സഹകരണത്തോടെയായിരുന്നു. ഇക്കാര്യത്തില്‍ വി.ടി.ബല്‍റാം എംഎല്‍എ മാത്രമായിരുന്നു എതിര്‍ത്തു നിന്നത്. ഇതിനു പിന്നാലെ ബല്‍റാമിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ റോജി എം.ജോണും കെഎസ് ശബരി നാഥനും രംഗത്തെത്തിയിരുന്നു.

കരുണ- കണ്ണൂര്‍ മെഡിക്കല്‍ കോളജ് വിഷയങ്ങള്‍ ഇന്നലെ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലെന്നും കഴിഞ്ഞ ഒന്‍പതു മാസത്തോളമായി ഓര്‍ഡിനന്‍സായും, ബില്‍ ആയും കേരളത്തില്‍ നിലനിന്ന വിഷയമാണെന്നും ബില്ല് ചര്‍ച്ചയ്‌ക്കെടുത്ത ദിവസം യു.ഡി.എഫ് എം.എല്‍.എമാര്‍ പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ യോഗം ചേര്‍ന്നപ്പോഴും ബല്‍റാം വിയോജിപ്പ് പറഞ്ഞിട്ടില്ലെന്നും റോജി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വിമര്‍ശിച്ചിരുന്നു.

പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ഞാന്‍ മാത്രം മാന്യന്‍ മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാര്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ് വി ടി ബല്‍റാം എംഎല്‍എ നടത്തുന്നതെന്നും റോജി എം. ജോണ്‍ പറഞ്ഞിരുന്നു. ഇത്തരം ആദര്‍ശ രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ‘ലൈക്കുള്‍ക്കും, കയ്യടിക്കും വേണ്ടി ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനില്ലെന്നും പാര്‍ട്ടി തീരുമാനത്തെ ജനം വിമര്‍ശിക്കുമ്പോള്‍ അത് ഏറ്റെടുക്കാനും തയ്യാറാണെന്നും റോജി എം ജോണ്‍ പറഞ്ഞിരുന്നു.

അതേസമയം, ബില്ലിനെക്കുറിച്ച് യുഡിഎഫ് പലവട്ടം ചര്‍ച്ച ചെയ്തപ്പോഴും ഒരു തരി പോലും എതിര്‍ക്കാതെ, ചര്‍ച്ചയില്‍ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയില്‍ വന്നു ആരോടും ചര്‍ച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്നായിരുന്നു ശബരീനാഥന്റെ വിമര്‍ശനം. ഇത്രയും കാലം ഇതിനെതിരെ ശബ്ദം ഉയര്‍ത്താതെ അവസാന ദിവസം ബോട്ടില്‍ നിന്ന് ചാടുന്നതല്ല ഹീറോയിസമെന്നും ശബരീനാഥന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ ബല്‍റാമിനെ വിമര്‍ശിച്ചിരുന്നു.

Top