പന്ത് ചുരണ്ടല്‍ വിവാദം ; വാര്‍ണറും ബാന്‍ക്രോഫ്റ്റും വീണ്ടും കളികളത്തിലേക്ക്

warner

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റും വീണ്ടും കളിക്കളത്തിലേക്ക്. ഇവര്‍ക്ക് പ്രധാന ടൂര്‍ണമെന്റ് കളിക്കുന്നതിന് വിലക്കുണ്ടെങ്കിലും നാട്ടിലും വിദേശത്തും ക്ലബ് തല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് തടസ്സമില്ല.

ഡാര്‍വിനില്‍ ഒരു മാസം നീളുന്ന എന്‍ടി സ്‌ട്രൈക്ക് ലീഗ് (ടി20) ടൂര്‍ണമെന്റിലാണ് ഇരുവരും കളിക്കുക. മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലാണ് ഇരുവരും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനൊപ്പം പന്ത് ചുരണ്ടല്‍ നാടകത്തില്‍ കണ്ണികളായത്. ദേശീയ ക്രിക്കറ്റില്‍ വാര്‍ണര്‍ക്ക് ഒരു വര്‍ഷത്തെയും ബാന്‍ക്രോഫ്റ്റിന് ഒന്‍പത് മാസത്തെയും വിലക്കാണുള്ളത്.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ എയ്ഡന്‍ മര്‍ക്രവും എ.ബി. ഡിവില്ലിയേഴ്‌സും ബാറ്റ് ചെയ്യുന്നതിനിടെ ഓസീസ് ഫീല്‍ഡര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച ചെറു പ്ലാസ്റ്റിക് കഷണമുപയോഗിച്ച് പന്ത് ചുരണ്ടുന്നതാണ്‌ വിഡിയോയില്‍ കുരുങ്ങിയത്.

സംഭവം വിവാദമായതോടെ മുന്‍ താരങ്ങള്‍ രംഗത്തെത്തി. നടപടി ശ്രദ്ധയില്‍ പെട്ട ഫീല്‍ഡ് അമ്പയര്‍മാര്‍ താരത്തെ വിളിച്ച് വിശദീകരണം തേടിയെങ്കിലും പന്ത് മാറ്റാതെ കളി തുടര്‍ന്നു. കളികഴിഞ്ഞ ശേഷം മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയ താരം പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു.

Top