മുച്ചക്ര ഓട്ടോയുടെ പരകരക്കാരന്‍ , ബജാജിന്റെ ക്വാഡ്രിസൈക്കിള്‍ ക്യൂട്ട് ഉടന്‍ വിപണിയിലേക്ക്

bajaj-qudricycle

മുച്ചക്ര ഓട്ടോയുടെ പകരക്കാരനായി ബജാജിന്റെ ക്വാഡ്രിസൈക്കിള്‍ ക്യൂട്ട് ഉടന്‍ വിപണിയിലേക്ക് എത്തും. ഓട്ടോമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും (ARAI) മറ്റും അന്തിമ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ക്യൂട്ട് ഉടന്‍ ഇന്ത്യന്‍ വിപണിയിലേയ്‌ക്കെത്തും.

5 സ്പീഡ് സ്വീക്ഷ്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. 2752 എംഎം ആണ് വാഹനത്തിന്റെ ആകെ നീളം,എന്നാല്‍ വീതിയെന്നത് 1312 എംഎം ആണ്. 1652 എംഎം ഉയരവും 1925 എംഎം വീല്‍ബേസും ക്യൂട്ടിനുണ്ട്. 400 കിലോഗ്രാമാണ് ഭാരം.

ത്രീ വീല്‍ ഓട്ടോറിക്ഷകള്‍ക്ക് പകരം എത്തുന്ന ഫോര്‍ വീല്‍ വാഹനമാണ് ക്യൂട്ട് എന്നത്. ഇന്ത്യന്‍ നിരത്തില്‍ ഇതുവരെ സാന്നിധ്യം ഉറപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും റഷ്യ, ശ്രീലങ്ക, ഇന്‍ഡൊനീഷ്യ, പോളണ്ട്, തുര്‍ക്കി തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളിലേക്ക് നിലവില്‍ ക്യൂട്ടിനെ ബജാജ് ഓട്ടോ കയറ്റുമതി ചെയ്യുന്നുണ്ട്.

നാലുപേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന ക്വാഡ്രിസൈക്കിള്‍ ക്യൂട്ടിന് വിലയും താരതമ്യേന കുറവായിരിക്കും. ഇവിടെ വിപണിയിലെത്തുമ്പോള്‍ ഏകദേശം ഒന്നര ലക്ഷം രൂപയ്ക്കുള്ളിലാകും വില.കൂടാതെ 216 സി.സി സിംഗിള്‍ സിലിണ്ടര്‍ വാട്ടര്‍കൂള്‍ഡ് ഫോര്‍ വാല്‍വ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. പരമാവധി 13 ബിഎച്ച്പി പവറും 20 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. സിഎന്‍ജി വകഭേദത്തിലും ക്യൂട്ട് ലഭ്യമാകുന്നതാണ്. മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗം എന്നുപറയുന്നത്.

2012 ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ബജാജിന്റെ കുഞ്ഞന്‍ ക്വാഡ്രിസൈക്കിള്‍ ക്യൂട്ടാണ് നിരവധി പ്രതിസന്ധികള്‍ മറികടന്ന് ഒടുവില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. അടുത്ത 3-6 മാസത്തിനുള്ളില്‍ ക്യൂട്ട് (RE60) വാണിജ്യാടിസ്ഥാനത്തില്‍ നിരത്തിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടിലൂടെ കണക്കാക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള തടസ്സങ്ങളെല്ലാം തരണം ചെയ്താണ് ക്യൂട്ട് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം മാതൃരാജ്യത്ത് അരങ്ങേറ്റത്തിനൊരുങ്ങുന്നത്.

Top