ബജാജ് സിടി100 ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍ നല്‍കി പരിഷ്‌ക്കരിച്ചു

പുണെ: ബജാജ് ഓട്ടോയുടെ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളായ ബജാജ് സിടി100 ഇലക്ട്രിക് സ്റ്റാര്‍ട്ട് നല്‍കി പരിഷ്‌കരിച്ചു.

വിപണിയില്‍ അവതരിപ്പിച്ച പുതിയ വേരിയന്റിന് 41,997 രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. സിടി100 ന്റെ നാലാമത്തെ വേരിയന്റാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം സിടി100 ന്റെ അലോയ് വീല്‍ വേരിയന്റ് ബജാജ് ഓട്ടോ പുറത്തിറക്കിയിരുന്നു. സിടി100 ബി, സിടി100 സ്‌പോക്ക് എന്നിവയാണ് മറ്റ് വേരിയന്റുകള്‍.

കിക്ക് സ്റ്റാര്‍ട്ട് ഉള്ള സിടി100 ബിയേക്കാള്‍ 7,000 രൂപ കൂടുതലാണ് ഇലക്ട്രിക് സ്റ്റാര്‍ട്ടുള്ള പുതിയ സിടി100 വേരിയന്റിന്.

പുതിയ ഡീകാള്‍ ഡിസൈന്‍, ഫ്യൂവല്‍ ഗേജ്, ഫ്‌ളെക്‌സിബിള്‍ സൈഡ് ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ബജാജ് സിടി100 ഇലക്ട്രിക് സ്റ്റാര്‍ട്ടിന്റെ സവിശേഷതകളാണ്.

റൈഡര്‍ക്കും പിന്‍യാത്രക്കാരനും സുഖമായി ഇരിക്കുന്നതിന് എക്‌സ്ട്രാ ലോംഗ് സീറ്റാണ് ഈ കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന് നല്‍കിയിരിക്കുന്നത്.

മാത്രമല്ല, ഏറ്റവും ദുഷ്‌കരമായ റോഡുകള്‍ പോലും അനായാസം താണ്ടാന്‍ എസ്എന്‍എസ് (സ്പ്രിംഗ് ഇന്‍ സ്പ്രിംഗ് സസ്‌പെന്‍ഷന്‍) സാങ്കേതികവിദ്യ സഹായിക്കും.

102 സിസി സിങ്കിള്‍ സിലിണ്ടര്‍ 4 സ്‌ട്രോക് എന്‍ജിനാണ് ബജാജ് സിടി100 ഇലക്ട്രിക് സ്റ്റാര്‍ട്ടിന് കരുത്ത് പകരുന്നത്. 7.6 ബിഎച്ച്പി കരുത്തും 8.24 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ഈ എന്‍ജിന് കഴിയും. 4 സ്പീഡാണ് ഗിയര്‍ബോക്‌സ്.

എല്ലാ വേരിയന്റുകളുടെയും മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. ബ്ലാക്ക് വിത്ത് സില്‍വര്‍റെഡ് ഡീകാള്‍, ബ്ലാക്ക് വിത്ത് സില്‍വര്‍ബ്ലൂ ഡീകാള്‍, റെഡ് എന്നീ മൂന്ന് നിറങ്ങളിലാണ് എന്‍ട്രി ലെവല്‍ ബജാജ് സിടി100 ലഭിക്കുന്നത്.

Top