ബുള്ളറ്റിനെ പരിഹസിച്ച്‌ ബജാജ്‌, ‘ആനയെ പോറ്റുന്നത് നിര്‍ത്തൂ’ ;ഡോമിനാര്‍ പരസ്യം വൈറല്‍

BAJAJ DOMINAR

റോയല്‍ എന്‍ഫീല്‍ഡിനെ പരിഹസിച്ചുകൊണ്ട്‌ പുതിയ പരസ്യങ്ങളുമായി ബജാജ് രംഗത്ത്. ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന കുപ്രസിദ്ധ ഡോമിനാര്‍ പരസ്യത്തിന്റെ പിന്‍തുടര്‍ച്ചയാണ് മൂന്ന് ഭാഗങ്ങളിലായുള്ള പുതിയ പരസ്യം.

റോയല്‍ എന്‍ഫീല്‍ഡിനെക്കാളും എന്തുകൊണ്ടും മികച്ചത് ഡോമിനാര്‍400 ആണെന്ന് പരോക്ഷമായി പരാമര്‍ശിച്ചാണ് ബജാജ് പരസ്യം നല്‍കിയിരിക്കുന്നത്. മുന്‍പത്തെ പോലെ ഇത്തവണയും ആനയോടാണ് ബുള്ളറ്റുകളെ ബജാജ് ഉപമിച്ചിരിക്കുന്നത്.

ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന ബജാജിന്റെ ആദ്യ പരസ്യം തന്നെ ബുള്ളറ്റ് പ്രേമികള്‍ക്ക് രസിച്ചിട്ടില്ല. ബ്രേക്ക് പിടിച്ചാല്‍ ലഭിക്കില്ല, തണുപ്പത്ത് സ്റ്റാര്‍ട്ട് ആകില്ല, കയറ്റം കയറില്ല എന്നീ ആരോപണങ്ങളാണ് ആനയെ മുന്‍നിര്‍ത്തി ബുള്ളറ്റുകള്‍ക്ക് മേല്‍ ബജാജ് പരസ്യം നല്‍കിയിരിക്കുന്നത്.

ബുള്ളറ്റുകളുടെ എഞ്ചിന്‍ ശബ്ദവും പരസ്യത്തില്‍ പശ്ചാത്തല സംഗീതമായി ബജാജ് ഒരുക്കിയിട്ടുണ്ട്. ചരല്‍ നിറഞ്ഞ ഇറക്കത്തില്‍ ബുദ്ധിമുട്ടില്ലാതെ ബ്രേക്ക് പിടിച്ചു നില്‍ക്കുന്ന ഡോമിനാറാണ് ആദ്യ ഭാഗത്തെ താരം. മോട്ടോര്‍സൈക്കിളിന്റെ ഡ്യൂവല്‍ ചാനല്‍ എബിഎസിനെ കുറിച്ചാണ് ആദ്യ ഭാഗം നല്‍കുന്ന സന്ദേശവും.

പരസ്യത്തിന്റെ രണ്ടാം ഭാഗത്തിലാണ് തണുപ്പ് കാലത്ത് എഞ്ചിന്‍ സ്റ്റാര്‍ട്ട് ആകാത്ത ബുള്ളറ്റുകളെ ബജാജ് ചിത്രീകരിച്ചത്. എത്ര ശ്രമിച്ചിട്ടും അനങ്ങാന്‍പോലും തയ്യാറാകാത്ത ആനകള്‍ക്ക് മുന്‍പില്‍ പെട്ടെന്ന്‌ ഡോമിനാറുകള്‍ സ്റ്റാര്‍ട്ടാകുന്നതാണ് പരസ്യം.

ചുരം കയറാന്‍ കഷ്ടപ്പെടുന്ന ആനകളെ ശ്രദ്ധിക്കാതെ കുതിക്കുന്ന ഡോമിനാറുകളെയാണ് മൂന്നാം പരസ്യഭാഗം ചിത്രീകരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ ലോഎന്‍ഡ് ടോര്‍ഖ് ശേഷിയെ പരിഹസിക്കുന്നതാണ് മൂന്നാം പരസ്യഭാഗം.

കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് ബുള്ളറ്റുകള്‍ക്ക് എതിരെ സ്‌പോര്‍ട്‌സ് ക്രൂയിസര്‍ ടാഗില്‍ ഡോമിനാറുകളെ ബജാജ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. റെഡ്, ബ്ലൂ, മാറ്റ് ബ്ലാക് എന്നീ മൂന്ന് നിറങ്ങളില്‍ പുത്തന്‍ ഡോമിനാറുകളെ അവതരിപ്പിച്ച് വീണ്ടും ശ്രദ്ധപിടിച്ച് പറ്റുന്നതിനുള്ള ബജാജിന്റെ നീക്കമാണ് പുതിയ പരസ്യം.

Top