bajaj dominar 400 dispatches commence deliveries to start this week

ജാജ് ഓട്ടോ ലിമിറ്റഡില്‍ നിന്നുള്ള പുതിയ എന്‍ട്രി ലവല്‍ പ്രീമിയം ബൈക്കായ ‘ഡൊമിനറി’ന്റെ വില്‍പ്പന ഈ ആഴ്ച തുടങ്ങും. കഴിഞ്ഞ മാസം അരങ്ങേറ്റം കുറിച്ച ‘ഡൊമിനര്‍ 400’ ബൈക്കുകള്‍ കമ്പനി ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചു തുടങ്ങി.

പ്രകടനക്ഷമതയേറിയ ബൈക്കുകള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രീതിയില്‍ ‘ഡൊമിനര്‍ 400’ ബുക്ക് ചെയ്യാനും കമ്പനി അവസരം നല്‍കിയിരുന്നു. ‘ഡൊമിനറി’ന്റെ ആന്റി ലോക്ക് ബ്രേക്കില്ലാത്ത പതിപ്പിന് 1.36 ലക്ഷം രൂപയും എ ബി എസ് വകഭേദത്തിന് 1.50 ലക്ഷം രൂപയുമാണു ബജാജ് ഓട്ടോ ഡല്‍ഹി ഷോറൂമിലെ തുടക്കവിലയായി നിശ്ചയിച്ചത്.

ഓണ്‍ലൈനില്‍ ബൈക്ക് ബുക്ക് ചെയ്തുകാത്തിരിക്കുന്നവര്‍ക്ക് ‘ഡൊമിനര്‍ 400’ കൈമാറ്റം സംബന്ധിച്ച വിവരവും ബജാജ് ഓട്ടോ നല്‍കിയിട്ടുണ്ടെന്നാണു സൂചന.

തുടക്കത്തില്‍ രാജ്യത്തെ 22 നഗരങ്ങളിലാണു ‘ഡൊമിനര്‍ 400’ വില്‍പ്പനയ്‌ക്കെത്തുന്നത്. ഉല്‍പ്പാദനത്തിലും വില്‍പ്പനയിലുമൊക്കെ സ്ഥിരത കൈവരിക്കുന്ന മുറയ്ക്കു പുതിയ ബൈക്കിന്റെ വിപണനം രാജ്യവ്യാപകമാക്കാനാണു ബജാജ് ലക്ഷ്യമിടുന്നത്. ഏറെ പ്രതീക്ഷകളോടെയാണു ബജാജ് ഓട്ടോ ‘ഡൊമിനര്‍ 400’ ബൈക്കിനെ പടയ്ക്കിറക്കുന്നത്.

പ്രകടനക്ഷമതയേറിയ ബൈക്കുകളായ ‘പള്‍സര്‍ ആര്‍ എസ് 200’, ‘കെ ടി എം ഡ്യൂക്ക് 390’ തുടങ്ങിയവയില്‍ നിന്നുള്ള ഘടകങ്ങള്‍ യഥേഷ്ടം കടമെടുത്താണു കമ്പനി ‘ഡൊമിനര്‍ 400’ സാക്ഷാത്കരിച്ചത്. ബൈക്കിനു കരുത്തേകുന്നത് 373.3 സി സി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്; പരമാവധി 34.5 ബി എച്ച് പി കരുത്തും 35 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.

ആറു സ്പീഡ് ഗീയര്‍ബോക്‌സ് സഹിതമെത്തുന്ന ബൈക്കിന് ബജാജ് ഓട്ടോ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം മണിക്കൂറില്‍ 165 കിലോമീറ്റര്‍ വരെയാണ്.

സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും വിട്ടുവീഴ്ച ചെയ്യാതെയാണു പുതിയ ‘ഡൊമിനറി’ന്റെ വരവ്. പൂര്‍ണ എല്‍ ഇ ഡി ഹെഡ്‌ലാംപ്, ഇന്ധന ടാങ്കിന് ഓക്‌സിലറി കണ്‍സോള്‍ സഹിതം ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റേഷന്‍, സ്ലിപ്പര്‍ ക്ലച്, ഇരട്ട ഡിസ്‌ക് ബ്രേക്ക്, എം ആര്‍ എഫ് റേഡിയല്‍ ടയറുകള്‍ തുടങ്ങിയവയൊക്കെ ‘ഡൊമിനറി’ലുണ്ട്.

ആകര്‍ഷകമായ വിലയില്‍ ലഭിക്കുതോടെ ‘ഡൊമിനര്‍ 400’ ചൂടപ്പം പോലെ വിറ്റഴിയുമെന്നാണു ബജാജിന്റെ പ്രതീക്ഷ. ‘ഡൊമിനര്‍ 400’ പുറത്തിറക്കി നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് അടക്കി വാഴുന്ന വിഭാഗത്തില്‍ ചലനം സൃഷ്ടിക്കാനാണു ബജാജ് ഓട്ടോയുടെ ലക്ഷ്യം.

Top