babri masjid case against l k adwani

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കിയേക്കും. അദ്വാനിക്ക് പുറമേ മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. യു.പി.യില്‍ റായ്ബറേലിയിലെ കോടതിയില്‍ നടക്കുന്ന വിചാരണ ലഖ്നൗവിലേക്ക് മാറ്റുന്നത് സംബന്ധിച്ചും സുപ്രീംകോടതി തീരുമാനമെടുക്കും.

അദ്വാനി, ജോഷി, ഉമാ ഭാരതി എന്നിവരുള്‍പ്പെടെ 13 പേരുടെ ഗൂഢാലോചനക്കുറ്റം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവാക്കിയത് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി മാര്‍ച്ച് ആറിന് വ്യക്തമാക്കിയിരുന്നു. ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയതിനെതിരെ ഹാജി മെഹബൂബ് അഹമ്മദും സി.ബി.ഐ.യുമാണ് അപ്പീല്‍ നല്‍കിയത്.

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് രണ്ടു വിഭാഗം കേസുകളാണ് ലഖ്നൗ, റായ്ബറേലി കോടതികളിലായി നടക്കുന്നത്. അജ്ഞാതരായ കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരെയുള്ളത് റായ്ബറേലിയിലുമാണ്. ഇരു കേസുകളിലും ഒന്നിച്ചു വിചാരണ നടത്തുന്നത് സംബന്ധിച്ചും ഉത്തരവുണ്ടായേക്കും. ജഡ്ജിമാരായ പി.സി. ഘോഷ്, ആര്‍.എഫ്. നരിമാന്‍ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിറക്കുക.

പ്രത്യേക കോടതിയുടെ 2001 മെയ് നാലിലെ നടപടി അലഹാബാദ് ഹൈക്കോടതി 2010 മെയ് 20-ന് ശരിവെച്ചിരുന്നു. അദ്വാനി ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് സി.ബി.ഐ. കുറ്റപത്രം നല്‍കിയിരുന്നത്. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണവും ആരോപണവും ഉന്നയിക്കല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പിന്നീട് ഗൂഢാലോചനക്കുറ്റവും ചുമത്തിയെങ്കിലും ഇത് വിചാരണക്കോടതി റദ്ദാക്കുകയും ഹൈക്കോടതി ശരിവെക്കുകയുമായിരുന്നു.

Top