ബാബറി മസ്ജിദ് കേസ് ;അദ്വാനിയും ഉമ ഭാരതിയും മെയ് 30ന് കോടതിയില്‍ ഹാജരാകണം

ലക്‌നൗ: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനിയും കേന്ദ്രമന്ത്രി ഉമ ഭാരതിയും മെയ് 30ന് വിചാരണ കോടതിയില്‍ ഹാജരാകണമെന്ന് ലക്‌നൗ കോടതി.

ഇരുവര്‍ക്കും ഒഴിവുനല്‍കില്ലെന്നും നിര്‍ബന്ധമായും ഹാജരായിരിക്കണമെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഗൂഡാലോചന കുറ്റത്തിനാണ് ഇവരെ വിചാരണ ചെയ്യുക.

മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍ തുടങ്ങിയ മറ്റ് ബി.ജെ.പി നേതാക്കളോടും വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്‌.

പ്രതികളായ 14 പേര്‍ക്കെതിരായ ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കാനും തുടര്‍ച്ചയായി വാദംകേട്ട് രണ്ടു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശിച്ചു.

2001ല്‍ ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം വിചാരണക്കോടതി റദ്ദാക്കുകയും 2010ല്‍ അലഹാബാദ് ഹൈക്കോടതി അത് ശരിവെക്കുകയുമായിരുന്നു. ഇതിനെതിരെ സി.ബി.ഐ.യും ഹാജി മെഹബൂബ് അഹമ്മദും നല്‍കിയ ഹര്‍ജിയില്‍ ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണവും ആരോപണവും ഉന്നയിക്കല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കുംവിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നിവയാണ് പ്രതികള്‍ക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

Top