Avoid brash talk, Yogi Adityanath says to workers after swearing-in

ലക്‌നൗ: വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ സ്ഥിരം വിവാദനായകനായിരുന്ന യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതിനു പിന്നാലെ സ്വരം മയപ്പെടുത്തുന്നുവെന്നു റിപ്പോര്‍ട്ട്.

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ ആദിത്യനാഥ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു അനാവശ്യമായ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരോട് യാതൊരുവിധ വേര്‍തിരിവ് കാട്ടില്ലെന്നും ആദിത്യനാഥ് ഉറപ്പു നല്‍കി.

തീവ്ര ഹിന്ദുത്വ നിലപാടുകളുടെ പേരില്‍ അറിയപ്പെടുന്ന യോഗി ആദിത്യനാഥ് അധികാരസ്ഥാനത്തേക്ക് എത്തുന്നത് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിരുന്നു. എന്നാല്‍ അതിനെ മാറ്റിമറിച്ചു കൊണ്ടാണ് ആദിത്യനാഥിന്റെ സമവായത്തിന്റെ രംഗപ്രവേശം.

യുപിയിലെ 21ാമത്തെ മുഖ്യമന്ത്രിയാണു യോഗി ആദിത്യനാഥ് (44). മന്ത്രിസഭയിലെ 22 പേര്‍ കാബിനറ്റ് റാങ്കുള്ളവരാണ്. ഒന്‍പതുപേര്‍ സ്വതന്ത്ര ചുമതലയുള്ളവരും 13 പേര്‍ സഹമന്ത്രിമാരുമാണ്. ബിജെപിയിലേക്കു മാറിയ യുപി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയും മന്ത്രിയായി.

പുതിയ മന്ത്രിസഭ യുപിയെ ‘ഉത്തം പ്രദേശ് ‘ ആക്കി മാറ്റട്ടെ എന്നു പ്രധാനമന്ത്രി മോദി ആശംസിച്ചു. ‘റെക്കോര്‍ഡ് വികസനം ഉണ്ടാവും. നമ്മുടെ ഏക ലക്ഷ്യവും ആദര്‍ശവും വികസനമാകട്ടെ. യുപി വികസിക്കുന്നതോടെ ഇന്ത്യ വികസിക്കും. യുപിയിലെ യുവജനങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിച്ചുനല്‍കണം’ ട്വിറ്റര്‍ സന്ദേശത്തിലൂടെ മോദി പറഞ്ഞു.

രാമക്ഷേത്രനിര്‍മാണം അടക്കമുള്ള വിവാദ നയങ്ങള്‍ പുതിയ മുഖ്യമന്ത്രി സ്വീകരിച്ചേക്കുമെന്ന അഭിപ്രായങ്ങള്‍ക്കിടയിലാണു മോദിയുടെ വികസന സന്ദേശം എന്നതു ശ്രദ്ധേയമാണ്.

Top