ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ അഫ്ഗാന്‍,ഇറാക്ക് സന്ദര്‍ശനം തുടങ്ങി

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളിന്റെ രണ്ട് ദിവസത്തെ അഫ്ഗാനിസ്ഥാന്‍, ഇറാക്ക് സന്ദര്‍ശനം ആരംഭിച്ചു.

അനസാക് ദിനത്തോട് അനുബന്ധിച്ച് അഫ്ഗാനിസ്ഥാനിലും ഇറാക്കിലും സേവനം ചെയ്യുന്ന ഓസ്‌ട്രേലിയന്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ ഓര്‍മ പുതുക്കുന്ന ദിവസമാണ് അന്‍സാക് ദിനം. ഇരു രാജ്യങ്ങളിലേയും ഓസ്‌ട്രേലിയന്‍ സൈനികരുടെ പ്രവര്‍ത്തനങ്ങള്‍ ടേണ്‍ബുള്‍ വിലയിരുത്തും.താലിബാന്‍ ഭീകരര്‍ അഫ്ഗാനില്‍ നടത്തിയ ആക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ടേണ്‍ബുളിന്റെ അടിയന്തര സന്ദര്‍ശനം.

ഇറാക്ക് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുമായി മാല്‍ക്കം ടേണ്‍ബുള്‍ ബാഗ്ദാദില്‍ വച്ച് കൂടിക്കാഴ്ച നടത്തും. അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയുമായും യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായും മാല്‍ക്കം ടേണ്‍ബുള്‍ കൂടിക്കാഴ്ച നടത്തും. കാബൂളിലായിരിക്കും നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച നടത്തുക.

അഫ്ഗാനിസ്ഥാനില്‍ 270 ഓസ്‌ട്രേലിയന്‍ സൈനികരും ഇറാക്കിലും സിറിയയിലുമായി 780 ഓസ്‌ട്രേലിയന്‍ സൈനികരും സേവനം ചെയ്യുന്നുണ്ട്. 2002ല്‍ അഫ്ഗാനിസ്ഥാനില്‍ 42 ഓസ്‌ട്രേലിയന്‍ സൈനികരും ഇറാക്കില്‍ രണ്ട് സൈനികരും കൊല്ലപ്പെട്ടിരുന്നു.

Top