ഇന്ത്യ-ഓസ്‌ട്രേലിയ നാലാം അങ്കം ; ഓസീസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു

ബെംഗലൂരു: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

പരമ്പര തൂത്തുവാരാന്‍ ലക്ഷ്യമിട്ട് ഇറങ്ങുന്ന ടീം ഇന്ത്യയോട് പൊരുതി അവശേഷിക്കുന്ന രണ്ട് മത്സരങ്ങളെങ്കിലും ജയിച്ച് നാണക്കേടില്‍ നിന്ന് രക്ഷ തേടാനാണ് ഓസിസിന്റെ ശ്രമം.

ഇന്‍ഡോറിലെ മൂന്നാം ഏകദിനത്തിലെ ജയത്തോടെ ഇന്ത്യ ഇതിനോടകം പരമ്പര നേടിക്കഴിഞ്ഞു.

ഇനി മുന്നിലുള്ളത് സമ്പൂര്‍ണ ജയം മാത്രമാണ്, ആ നേട്ടം കൂടി കൈവരിച്ചാല്‍ ശ്രീലങ്കയെ വേരോടെ പിഴുത ഇന്ത്യയ്ക്ക് മറ്റൊരു അഭിമാന മുഹൂര്‍ത്തം കൂടിയാകും.

ബെംഗലൂരുവില്‍ കൂടി ജയമാവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് തുടര്‍ച്ചയായ 10 വിജയങ്ങള്‍ സ്വന്തമാകും. ഏകദിനത്തില്‍ ഇന്ത്യക്കിതുവരെ അത്തരമൊരു നേട്ടം അവകാശപ്പെടാനില്ല.

എന്നാല്‍, ഓസിസ് ഈ നേട്ടം ആറ് തവണയും ദക്ഷിണാഫ്രിക്ക 5 തവണയും നേടിയിട്ടുണ്ട്.

ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ രണ്ട് വീതവും ന്യൂസിലാന്‍ഡ് ഒരു തവണയും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന.

പരമ്പര സ്വന്തമാക്കിക്കഴിഞ്ഞ ഇന്ത്യ കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീസ് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഉമേഷ് യാദവും, മുഹമ്മദ് ഷാമിയും അക്‌സര്‍ പട്ടേലും പകരം ടീമിലിടം പിടിച്ചു.

അതേസമയം, മാക്‌സ്‌വെല്ലിന് പകരം മാത്യുവെയ്ഡിനെ ഓസിസ് ഉള്‍പ്പെടുത്തി.

Top