സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന പനോരമിക് സണ്‍റൂഫുമായി ഔഡി

Audi

ബെയ്ജിംങ്: സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന പനോരമിക് സണ്‍റൂഫ് നിര്‍മ്മിച്ചുവരികയാണെന്ന് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഔഡി.

ചൈനയിലെ ഹാനര്‍ജി തിന്‍ ഫിലിം പവര്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് ഔഡി സവിശേഷ പനോരമിക് സണ്‍റൂഫ് വികസിപ്പിക്കുന്നത്.

പനോരമിക് ഗ്ലാസ്സ് റൂഫും സോളാര്‍ സെല്ലുകളും സംയോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.

മാത്രമല്ല, അടുത്ത ഇലക്ട്രിക് കാറില്‍ പുതിയ സണ്‍റൂഫ് ഉപയോഗിക്കുമെന്ന് ഔഡി വ്യക്തമാക്കി.

ഹാനര്‍ജിയെന്ന സോളാര്‍ സെല്‍ കമ്പനിക്കുകീഴിലെ ആള്‍ട്ട ഡിവൈസസ് ആണ് സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന പനോരമിക് സണ്‍റൂഫ് ഡിസൈന്‍ ചെയ്യുന്നത്.

കാറിനകത്തെ എയര്‍ കണ്ടീഷനിംഗ്, മറ്റ് ഉപകരണങ്ങള്‍ക്കും സൗരോര്‍ജ്ജം ഉപയോഗിക്കാമെന്നതിനാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് വര്‍ധിപ്പിക്കുന്നതിന് പുതിയ സണ്‍റൂഫ് സഹായിക്കും.

സോളാര്‍ റൂഫ് ഉപയോഗിക്കുന്ന വാഹനത്തിന്റെ ആദ്യ മാതൃക ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മിക്കാനാണ് ഇരു കമ്പനികളുടെയും പദ്ധതി.

ഇലക്ട്രിക് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന പുതു സമീപനമാണ് ഔഡി ഈയിടെ സ്വീകരിച്ചിട്ടുള്ളത്.

2020 ഓടെ മൂന്ന് ബാറ്ററി ഇലക്ട്രിക് മോഡലുകള്‍ നിര്‍മ്മിക്കുകയാണ് ഔഡിയുടെ ലക്ഷ്യം.

സൗരോര്‍ജ്ജം ഉപയോഗിച്ച് നേരിട്ട് ട്രാക്ഷന്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് അടുത്ത ഘട്ടമായി ഔഡി പ്രത്യാശിക്കുന്നത്.

ഹാനര്‍ജി കഴിഞ്ഞ വര്‍ഷം സൗരോര്‍ജ്ജം ഉപയോഗിക്കുന്ന നാല് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ചിരുന്നു.

Top