ഉമര്‍ ഖാലിദിനെതിരായ ആക്രമണം ; രണ്ട് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി : ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ പിടിയില്‍. ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ ആണ് ഇവരെ പിടികൂടിയത്. അറസ്റ്റ് ചെയ്തവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമര്‍ ഖാലിദിനെതിരെ ആക്രമണം നടന്നത്.

യുനൈറ്റ് എഗന്‍സ്റ്റ് ഹേറ്റ്’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ഖൗഫ് സേ ആസാദി (ഭയത്തില്‍ നിന്നും മോചനം) എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഡല്ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ എത്തിയതാണ് ഉമര്‍ ഖാലിദ്. നിറതോക്കുമായി എത്തിയ അജ്ഞാതന്‍ ഖാലിദ് നിന്നിരുന്ന ചായക്കടയുടെ അരികിലെത്തി ചുറ്റുമുണ്ടായിരുന്നവരെ തള്ളിമാറ്റി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

തുടര്‍ന്ന് ഖാലിദ് താഴെ വീഴുകയും വെടിയേല്‍ക്കാതെ രക്ഷപ്പെടുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ആക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. അതേസമയം, തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് രണ്ട് മാസങ്ങള്‍ക്കു മുമ്പ് ഉമര്‍ ഖാലിദ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

രാജ്യം വിട്ടില്ലെങ്കില്‍ ഉമറിനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് വീട്ടില്‍ ഭീഷണി ഫോണ്‍കോളുകള്‍ വരുന്നുതായി 2016ല്‍ ഉമര്‍ ഖാലിദിന്റെ പിതാവ് സയ്യിദ് ഖാസിം ഇല്യാസ് റസൂല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Top