യുപിയില്‍ വിദേശിക്കെതിരെ വീണ്ടും ആക്രമണം ; ജര്‍മ്മന്‍ സ്വദേശിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

beat

ലഖ്‌നൗ: ആഗ്രയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളായ യുവതിയും യുവാവും ആക്രമിക്കപ്പെട്ടതിന് പിന്നാലെ വീണ്ടും രാജ്യത്ത് വിദേശിക്കെതിരെ ആക്രമണം.

ജര്‍മ്മന്‍ സ്വദേശിയായ ഹോള്‍ഗര്‍ എറീകിനെയാണ് യുപിയിലെ റോബര്‍ട്ട്‌സ്ഗഞ്ച് റെയില്‍വെ സ്‌റ്റേഷനില്‍ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

സംഭവത്തില്‍ റെയില്‍വെ ജീവനക്കാരനായ അമാന്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്റ്റേഷന്‍ മാസ്റ്ററുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

എന്നാല്‍ തന്റെ മുഖത്തടിച്ചതിനാലാണ് വിദേശിയെ മര്‍ദ്ദിച്ചതെന്നാണ് അമാന്‍ കുമാറിന്റെ വിശദീകരണം.

റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ജര്‍മ്മന്‍കാരനോട് ഇന്ത്യയിലേക്ക് സ്വാഗതം എന്നു പറഞ്ഞപ്പോഴാണ് അയാള്‍ തന്നെ ഉപദ്രവിച്ചതെന്നും കുമാര്‍ മൊഴി നല്‍കി.

മാത്രമല്ല, ജര്‍മന്‍ സ്വദേശി തന്നെ അപമാനിക്കുകയും മുഖത്തു തുപ്പുകയും ചെയ്‌തെന്നും അമാന്‍ കുമാര്‍ പൊലീസിനോട് പറഞ്ഞു.

അതേസമയം സംഭവസമയത്ത് കുമാര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ജര്‍മ്മന്‍കാരനോട് കുമാര്‍ പേരും വിശദാംശങ്ങളും തിരക്കിയെന്നും, അദ്ദേഹം പ്രതികരിക്കാതെ നടന്നുനീങ്ങിയപ്പോള്‍ ക്ഷുഭിതനായ കുമാര്‍ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

Top