രാത്രി 9 മണിക്ക് ശേഷം എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ പാടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാത്രി 9 മണിക്കുശേഷം എ.ടി.എമ്മുകളില്‍ പണം നിറയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എ.ടി.എമ്മുകളില്‍ നിറയ്ക്കുന്നതിനായി കൊണ്ടുപോകുന്ന ക്യാഷ് വാനുകള്‍ ആക്രമണത്തിനിരയാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

നഗരപ്രദേശങ്ങളില്‍ വൈകിട്ട് 9 മണിയും ഗ്രാമീണ മേഖലയില്‍ വൈകിട്ട് 6 മണിയും നക്‌സല്‍ ബാധിത ജില്ലകളില്‍ വൈകിട്ട് 4 മണിയുമാണ് എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കുന്നതിനുള്ള സമയ പരിധി.

പ്രത്യേകമായി ഡിസൈന്‍ ചെയ്ത ക്യാഷ് വാനുകളില്‍ സിസിടിവിയും ജി.പി.എസും ഘടിപ്പിച്ചിരിക്കണമെന്നും ക്യാഷ് വാനുകളുടെ ഓരോ ട്രിപ്പിലും അഞ്ച് കോടിക്ക് മുകളില്‍ പണം കൊണ്ടുപോകരുതെന്നും നിര്‍ദേശമുണ്ട്.

എ.ടി.എമ്മുകളിലേക്ക് പണം കൊണ്ടുപോകുന്ന സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സികള്‍ ബാങ്കുകളില്‍ നിന്നും പണം ഓരോ ദിവസവും ഉച്ചക്കു മുന്‍പ് ശേഖരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. പ്രത്യേക പരിശീലനം ലഭിച്ച രണ്ട് സായുധ ഗാര്‍ഡുകളും ഡ്രൈവറുമാണ് ഓരോ വാഹനത്തിലും വേണ്ടത്.

ഓരോ ദിവസവും 8000ത്തോളം സ്വകാര്യ ക്യാഷ് വാനുകള്‍ 15000 കോടി രൂപയാണ് ബാങ്കുകളില്‍ നിന്നും കറന്‍സി ചെസ്റ്റുകളില്‍ നിന്നും എ.ടി.എമ്മുകളിലേക്ക് പണം കൊണ്ടുപോകുന്നത്. ഇതുകൂടാതെ സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ ഓരോ രാത്രിയും 5000 കോടി രൂപ ബാങ്കുകള്‍ക്കായി സൂക്ഷിക്കുന്നുണ്ട്.

Top