ജാഗ്രത ! എടിഎം കൊള്ളസംഘം കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ്‌ . . .

atm roberry

കൊട്ടിയം: എടിഎം കേന്ദ്രീകരിച്ച് കവര്‍ച്ച നടത്താന്‍ ഹരിയാനയില്‍ നിന്നുള്ള സംഘം തെക്കന്‍ കേരളത്തിലേക്കു കടന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം. ഈ നാലംഗ സംഘത്തിന്റെ ചിത്രങ്ങള്‍ അടങ്ങിയ സന്ദേശം ഇന്നലെ വൈകിട്ടോടെ സമൂഹമാധ്യമങ്ങള്‍ വഴിയും പൊലീസ് പ്രചരിപ്പിച്ചു തുടങ്ങി. ഹരിയാന മേവാത്ത് സ്വദേശികളാണ് ഇവരെന്നാണു പൊലീസ് പറയുന്നത്. മോഷ്ടാക്കളെ തിരിച്ചറിയുകയോ എന്തെങ്കിലും സൂചനകള്‍ ലഭിക്കുകയോ ചെയ്താല്‍ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്. ലോഡ്ജുകളിലും പൊലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്.

തഴുത്തലയിലെ എടിഎമ്മില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ടുപേരെ രണ്ടാഴ്ച മുന്‍പു മധ്യപ്രദേശ് പൊലീസ് ഹരിയാനയില്‍നിന്ന് ഏറ്റുമുട്ടലിലൂടെ കീഴടക്കിയിരുന്നു. എന്നാല്‍, ആറുപേരടങ്ങിയ സംഘത്തിലെ മറ്റുള്ളവര്‍ അന്നു രക്ഷപ്പെട്ടിരുന്നു. ഇവരുടെ പക്കല്‍നിന്ന് എകെ 47 തോക്കുകളും അത്യാധുനിക പിസ്റ്റളുകളും പിടികൂടിയിരുന്നു. കവര്‍ച്ചയിലൂടെ സമ്പാദിക്കുന്ന പണം കശ്മീരില്‍ തീവ്രവാദ സംഘങ്ങള്‍ക്കു കൈമാറി ആയുധങ്ങള്‍ വാങ്ങുന്നവരാണു സംഘമെന്നു മധ്യപ്രദേശ് പൊലീസ് വ്യക്തമാക്കിയിരുന്നു.

പിടിയിലായ രണ്ടുപേരെ കേരളത്തില്‍നിന്നുള്ള അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇവരെ ഇന്ന് എത്തിക്കുമെന്നാണ് അറിയുന്നത്. ഇവരും ഇപ്പോള്‍ കേരളത്തില്‍ എത്തിയെന്നു കരുതുന്ന സംഘവുമായി ബന്ധമുണ്ടോ എന്നതില്‍ വ്യക്തത ഇല്ല. സാധാരണ ട്രക്കിലും കാറിലുമാണ് എടിഎം കവര്‍ച്ചയ്ക്ക് സംഘം എത്തുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

Top