Assembly elections 2017: AAP confident of winning in Goa, Punjab

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂട് പിടിച്ച് തുടങ്ങിയതോടെ പഞ്ചാബിലും ഗോവയിലും പ്രവര്‍ത്തനം ശക്തമാക്കി ആം ആദ്മി പാര്‍ട്ടി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ് എ എ പി യുടെ താരപ്രചാരകന്‍. വിദേശത്തുള്ള പഞ്ചാബികള്‍ കൂട്ടത്തോടെ എ എ പി യുടെ പ്രചരണത്തിനായി നാട്ടില്‍ പറന്നിറങ്ങിയത് ബി ജെ പി-അകാലിദള്‍ സഖ്യത്തെയും കോണ്‍ഗ്രസ്സിനെയും അമ്പരിപ്പിച്ചിട്ടുണ്ട്.

നിലവിലെ രാഷ്ട്രീയ സംവിധാനം മാറി പുതിയ മുന്നേറ്റം വരണമെന്നതിനാലാണ് തങ്ങള്‍ അവധിയെടുത്ത് നാട്ടിലെത്തിയതെന്നാണ് എ എ പി യുടെ പ്രചരണത്തിനായി എത്തിയ പ്രവാസികള്‍ പറയുന്നത്.

ഗൃഹ സന്ദര്‍ശനത്തിനും ഗ്രാമസഭകള്‍ക്കുമാണ് എ എ പി പ്രാമുഖ്യം കൊടുക്കന്നത്. ഡല്‍ഹിയില്‍ അധികാരത്തിലേറിയ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കിയത് ചൂണ്ടികാട്ടി പറയുന്ന കാര്യങ്ങള്‍ പഞ്ചാബിലും ചെയ്യുമെന്നാണ് വാഗ്ദാനം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കന്നി മത്സരത്തില്‍ തന്നെ പഞ്ചാബില്‍ നാല് സീറ്റുകളില്‍ വിജയിച്ച എ എ പി അട്ടിമറി വിജയമാണ് നിയമസഭാ തിരഞ്ഞെടുപ്പിലും ഇവിടെ പ്രതീക്ഷിക്കുന്നത്.

ആകെ 117 സീറ്റുകളിലേക്കാണ് മത്സരം. ബി ജെ പി-അകാലിദള്‍ സഖ്യം ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഏത് വിധേയനേയും അധികാരത്തില്‍ വരാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം. ഇരു പാര്‍ട്ടികളുടെയും കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് കറുത്ത കുതിരയാവാന്‍ എ എ പി കൂടി ഇറങ്ങിയതോടെ പഞ്ചാബിലെ പ്രവചനം അസാധ്യമായിരിക്കുകയാണ്.

പഞ്ചാബിലെ പോലെ എ എ പി പ്രതീക്ഷ പുലര്‍ത്തുന്ന മറ്റൊരു സംസ്ഥാനം ഗോവയാണ്. ഇവിടെ പൊലീസില്‍ നിന്നും വിരമിച്ച മുന്‍ ഐജി എൽവിസ് ഗോമസാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 40 സീറ്റുകളിലേക്കാണ് മത്സരം.

ആര്‍ എസ് എസിലെ ഒരു വിഭാഗം പുറത്ത് പോയതും ബി ജെ പിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും എ എ പി ക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷ. ശക്തമായ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ്സിന് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നതാണ് എ എ പി നേട്ടമാക്കാന്‍ ശ്രമിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളലും ഭരണ വിരുദ്ധ വികാരമാണ് ബി ജെ പി ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.

നിലവില്‍ ഡല്‍ഹി ഭരിക്കുന്ന എ എ പി യെ സംബന്ധിച്ച് പഞ്ചാബിലോ ഗോവയിലോ ഇനി ഈ രണ്ട് സംസ്ഥാനങ്ങളില്‍ തന്നെയും വിജയിക്കാന്‍ കഴിയുകയാണെങ്കില്‍ അത് വന്‍ നേട്ടമാകും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്ക് ബദലായി മറ്റ് പാര്‍ട്ടികള്‍ക്ക് ഉയര്‍ത്തി കാട്ടാനുള്ള ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വരെ അത്തരമൊരു സാഹചര്യം കെജ്‌രിവാളിന് മുന്നില്‍ വഴി തുറക്കും.

Top