ആ നിലവിളികള്‍ കേട്ട് ഉണര്‍ന്ന് ഏഷ്യാനെറ്റ്, നിര്‍ഭയമായി നിരന്തരം ഇടപെട്ട് ഒരു മാതൃക !

ASIANET

പത്തനംതിട്ട : ദുരന്തത്തിലും കച്ചവട താല്‍പര്യം മുന്‍നിര്‍ത്തി പരസ്യങ്ങള്‍ നല്‍കാന്‍ ‘ഇടവേള’ കള്‍ കണ്ടെത്തിയവരില്‍ നിന്നും വ്യത്യസ്തമായി ഏഷ്യാനെറ്റ് ന്യൂസ്.

പത്തനംതിട്ടയിലും ചെങ്ങന്നൂരും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജീവനും മരണത്തിനും ഇടയില്‍ പിടഞ്ഞ നിരവധി പേര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ വഴി ഒരുക്കിയത് ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തിന്റെ ഇടപെടല്‍ മൂലമായിരുന്നു.

പത്തനംതിട്ട ജില്ലാ ഭരണാധികാരികള്‍ പ്രളയത്തില്‍ കുടുങ്ങിയവര്‍ക്ക് ബന്ധപ്പെടാനായി തുടക്കത്തില്‍ രണ്ടു നമ്പറുകളാണ് പ്രസിദ്ധപ്പെടുത്തിയിരുന്നത്. ഈ നമ്പറുകളാകട്ടെ എപ്പോഴും ബിസിയുമായിരുന്നു. നൂറ് കണക്കിനു പേര്‍ ഒറ്റപ്പെട്ടു പോയ മേഖലയില്‍ ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യാഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

RAIN

ഇവിടെയാണ് ഏഷ്യാനെറ്റ് ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. പ്രളയ മേഖലകളില്‍ റിപ്പോര്‍ട്ടര്‍മാരെ അയച്ച് വാര്‍ത്തകള്‍ നല്‍കുക എന്ന മാധ്യമ ഉത്തരവാദിത്വത്തിനും അപ്പുറം ഏഷ്യാനെറ്റ് ന്യൂസ് വിഭാഗം രക്ഷാദൗത്യത്തിലും പങ്കാളികളാവുകയായിരുന്നു. പ്രളയത്തില്‍ ഒറ്റപ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കും ബന്ധപ്പെടാനായി ഏഷ്യാനെറ്റ് തന്നെ നമ്പര്‍ നല്‍കി നേരിട്ട് രംഗത്തിറങ്ങി. പിന്നീട്‌ ഈ പാത മറ്റു ചില ചാനലുകള്‍ക്കും പിന്തുടരേണ്ടി വന്നു.

എണ്ണമറ്റ കോളുകളുടെ പ്രവാഹമായിരുന്നു കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയില്‍ നിന്നും രക്ഷിക്കണമെന്ന അപേക്ഷയോടെ ഏഷ്യാനെറ്റ് സ്റ്റുഡിയോയിലെത്തിയത്. മറ്റു വാര്‍ത്തകള്‍ മാറ്റി വച്ച് ഈ കോളുകള്‍ക്ക് വാര്‍ത്താ അവതാരക ലൈവായി തന്നെ മറുപടി പറയുകയും ആ വിവരങ്ങള്‍ ഏഷ്യാനെറ്റ് അധികൃതര്‍ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ചൂടുപിടിച്ചത്.

ഏഷ്യാനെറ്റില്‍ വിവരം നല്‍കിയ അനവധി കുടുംബങ്ങളെ നാവിക സേനക്കും ദുരന്ത പ്രതികരണ സേനക്കും രക്ഷിക്കാന്‍ കഴിഞ്ഞു.
സൈന്യത്തിന്റെ സേവനം ലഭ്യമാക്കുന്ന ഫോണ്‍ നമ്പറുകളും ഏഷ്യാനെറ്റ് തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്നു. ഇതും ദുരിത ബാധിതര്‍ക്ക് ആശ്വാസമായി.

ജില്ലാ ഭരണകൂടത്തെ ബന്ധപ്പെട്ടിട്ടും നടപടി ഉണ്ടാകാതെ നിരാശരായവര്‍ രക്ഷപ്പെട്ട് കരക്കെത്തിയപ്പോള്‍ ദൗത്യസംഘത്തിനു മാത്രമല്ല ചാനലിനെയും നന്ദിയോടെ സ്മരിച്ചാണ് ദുരിതാശ്വാസ ക്യാംപിലേക്ക് മടങ്ങിയത്. അതേ സമയം രക്ഷാപ്രവര്‍ത്തനത്തിലും മുന്നറിയിപ്പു നല്‍കുന്നതിലും കളക്ടറുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായതായും ഇതിനകം തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ മന്ത്രി മാത്യു ടി തോമസിനെതിരെയും കലിപ്പിലാണ് ജനങ്ങള്‍.

RAIN

കരസേനയുടെയും ദുരന്ത പ്രതികരണ സേനയുടെയും 156 അംഗടീമാണ് പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ രംഗത്തിറങ്ങിയത്.ഇവരെ കൂടാതെ നേവിയുടെ ഒരു സംഘവും മത്സ്യതൊഴിലാളി ബോട്ടുകളും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പ്രളയത്തില്‍ നിന്നും രക്ഷപ്പെടാന്‍ മിക്കവരും വീടിന്റെയും കെട്ടിടങ്ങളുടെയും മുകളിലാണ് അഭയം തേടിയിരിക്കുന്നത്. രാത്രി ദൗത്യം ദുഷ്‌ക്കരമായിരുന്നെങ്കിലും വിശ്രമമില്ലാതെ ഇപ്പോഴും സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. ഹെലികോപ്ടറുകളുമായി വ്യോമ സേനാംഗങ്ങളും രംഗത്തുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്‌.
ചാനലിലേക്ക് വരുന്ന കോളുകളും സോഷ്യല്‍ മീഡിയകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളും ദൗത്യ സംഘത്തിന് ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകള്‍ നല്‍കി വരുന്നുണ്ട്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയക്കും മൊബൈല്‍ ഫോണുകള്‍ക്കും എങ്ങനെ ഒരു ദുരന്തമുഖത്ത് വഴികാട്ടിയാവാം എന്നതും ഈ പ്രളയം കേരളത്തെ ബോധ്യപ്പെടുത്തി.

ഒറ്റപ്പെട്ടു പോയ കുടുംബങ്ങളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റുകളും വീഡിയോകളും മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. വിദേശത്തുള്ള ബന്ധുക്കളെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചവര്‍ക്കു വേണ്ടിയും നിരവധി കോളുകള്‍ ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ എത്തിയിരുന്നു.

മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയകളും വ്യാപകമായി ദുരുപയോഗം ചെയ്യുന്ന പുതിയ കാലത്ത് അനവധി പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതില്‍ ഇവ വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് വളരെ വലുതാണ്. മഴക്കെടുതിയില്‍ ആള്‍ നാശം കുറക്കുന്നതിനും ജനങ്ങള്‍ക്ക് ജാഗ്രത നല്‍കുന്നതിലും പുത്തന്‍ ടെക്‌നോളജി സര്‍ക്കാറിനും ദൗത്യ സംഘത്തിനും ഏറെ പ്രയോജനമായി മാറിയിട്ടുണ്ട്. പക്ഷേ അപകടം ഒഴിവാക്കുവാന്‍ വൈദ്യുതി സപ്ലൈ നിര്‍ത്തി വെച്ചു കൊണ്ടിരിക്കുന്നത് ഇവിടെയും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

ജില്ലാ എമർജൻസി നമ്പരുകൾ?☎
ടോൾ ഫ്രീ നമ്പർ : 1077✳

  • ഇടുക്കി : 0486 2233111, 9061566111, 9383463036
  • എറണാകുളം : 0484 2423513, 7902200300, 7902200400
  • തൃശ്ശൂർ : 0487 2362424, 9447074424
  • പാലക്കാട് : 0491 2505309, 2505209, 2505566
  • മലപ്പുറം : 0483 2736320, 0483 2736326
  • കോഴിക്കോട് : 0495 2371002
  • കണ്ണൂർ : 0497 2713266, 0497 2700645, 8547616034
  • വയനാട് : 04936 204151,9207985027
  • കേരള സ്റ്റേസ്റ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍-0471-2364424, Fax: 0471-2364424
  • കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കണ്‍ട്രോള്‍ റൂം – 0471-2331639, Fax: 0471-2333198
Top