ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ കെജരിവാളും മന്ത്രിമാരും നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക്

Arvind Kejriwal

ന്യൂഡല്‍ഹി : ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും മന്ത്രിമാരും നടത്തുന്ന സമരം ആറാം ദിവത്തിലേക്ക് കടന്നു. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂടിക്കാഴ്ച നടത്താന്‍ പോലും ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഇതുവരെ തയാറായിട്ടില്ല. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദ്ര ജെയിനും നിരാഹാരത്തിലാണ്.

പ്രശ്‌നം അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. ഭരണത്തെ കടുത്ത പ്രതിസന്ധിയിലാക്കി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന നിസ്സഹകരണം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെജ്‌രിവാള്‍ കത്തെഴുതിയത്.

കെജ്‌രിവാളിന്റെയും മന്ത്രിമാരുടെയും സമരത്തിന് ജനപിന്തുണ കൂടി ഉറപ്പാക്കുന്നതിന്റെ ഭാഗമായി വീടുകള്‍ കയറി ഒപ്പുശേഖരണത്തോടൊപ്പം ആം ആദ്മി പാര്‍ട്ടി പ്രചരണം നടത്തും. ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആംആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്തും.

മുഖ്യമന്ത്രിയും മന്ത്രിമാരും ധര്‍ണ നടത്തിയിട്ടും പരിഹരിക്കാന്‍ ശ്രമിക്കാത്ത കേന്ദ്ര നടപടിക്കുമെതിരേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നടന്‍ കമല്‍ഹാസനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ പിന്തുണയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കെജരിവാളിന് പിന്തുണ അറിയിച്ചു.

Top