Arvind Kejriwal and Hardik Patel to join hands

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തില്‍ ഹാര്‍ദ്ദിക് പട്ടേലുമായി കൈകോര്‍ത്ത് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.

ഗുജറാത്ത് പിടിക്കാനുള്ള പ്രചരണത്തിനു തുടക്കമിട്ട് 16ന് സൂറത്തിലെ യോഗി ചൗക്കില്‍ കെജ്‌രിവാളിന്റെ റാലിയില്‍ പട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതി നേതാക്കളായ വന്ദന പട്ടേലും കനുഭായി കല്‍സാരിയയും പങ്കെടുക്കും. പട്ടേല്‍ സംവരണ പ്രക്ഷോഭത്തില്‍ 28 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ച നേതാവാണ് വന്ദന പട്ടേല്‍.

ഗുജറാത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജാമ്യത്തിലിറങ്ങിയ പട്ടേല്‍ സംവരണ പ്രക്ഷോഭ നായകന്‍ ഹാര്‍ദ്ദിക് പട്ടേല്‍ ആറുമാസക്കാലം ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥപ്രകാരം ഇപ്പോള്‍ ഉദയ്പൂരിലാണ്. ഉദയ്പൂരിലെത്തി ഹാര്‍ദ്ദിക് പട്ടേലുമായി ചര്‍ച്ച നടത്തിയ ഗുജറാത്ത് എ.എ.പി ഇന്‍ ചാര്‍ജ് ഗുലാബ് സിങ് യാദവ് പട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയുടെ പിന്തുണ തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടേല്‍ സമുദായം കെജ്‌രിവാളിന്റെ റാലി വിജയിപ്പിക്കാന്‍ രംഗത്തെത്തിയത്.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ബി.ജെ.പി നേതൃത്വം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. 1995 മുതല്‍ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ബി.ജെ.പിയുടെ പ്രധാന വോട്ടുബാങ്കായ പട്ടേല്‍ സമുദായം ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

കോണ്‍ഗ്രസില്‍ നിന്നും ഗുജറാത്ത് ഭരണം ബി.ജെ.പിക്കുപിടിക്കാന്‍ നിര്‍ണായ പിന്തുണ നല്‍കിയ 15 ശതമാനം വരുന്ന പട്ടേല്‍ സമുദായം ഇപ്പോള്‍ ഒ.ബി.സി സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിലൂടെ നരേന്ദ്രമോദിക്കും ബി.ജെ.പി േേനതാക്കള്‍ക്കും എതിരെ പരസ്യനിലപാടുമായി സമരരംഗത്താണ്. ബി.ജെ.പി നേതാക്കളുടെ പരിപാടികള്‍ ബഹിഷ്‌ക്കരിക്കുക എന്ന ഹാര്‍ദ്ദിക് പട്ടേലിന്റെ ആഹ്വാനപ്രകാരം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കുപോലും ആളില്ലാതെ പൊതുപരിപാടി ഉപേക്ഷിക്കേണ്ട അവസ്ഥ വന്നിരുന്നു.

ഹാര്‍ദ്ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന പട്ടേല്‍ സമുദായത്തിന്റെ മഹാക്രാന്തി റാലിയില്‍ അഞ്ചു ലക്ഷം പേരാണ് പങ്കെടുത്തത്. ഊന സംഭവത്തെ തുടര്‍ന്ന ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഏഴു ശതമാനം വരുന്ന ദളിതുകളും ബി.ജെ.പിക്കെതിരെ പ്രക്ഷോഭത്തിലാണ്. ആനന്ദിബെന്‍ പട്ടേലിനെ മാറ്റി വിജയ് രൂപാനിയെ മുഖ്യമന്ത്രിയാക്കിയിട്ടും ദളിത് പ്രക്ഷോഭം അവസാനിച്ചിട്ടില്ല. ഇവര്‍ക്കൊപ്പം 14.75 ശതമാനം വരുന്ന ആദിവാസി വിഭാഗങ്ങളും 9 ശതമനം മുസ്‌ലീങ്ങളും ഒന്നിച്ചാല്‍ 1995 മുതലുള്ള ഗുജറാത്തിലെ ബി.ജെ.പി ഭരണക്കുത്തകക്ക് അന്ത്യമാകും.

ഗ്രൂപ്പുകളിയില്‍ തര്‍ന്നടിഞ്ഞ അവസ്ഥയിലാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ ബി.ജെ.പി മുഖ്യമന്ത്രി കേശുഭായി പട്ടേലിന്റെ നേതൃത്വത്തില്‍ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രംഗത്തുണ്ടായിട്ടും കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല.

മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേലയുടെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകളുടെ ബലപരീക്ഷണ വേദിയാണ് ഗുജറാത്ത്. കോണ്‍ഗ്രസിനേക്കാള്‍ മോദിയും ബി.ജെ.പിയും ഭയക്കുന്നത് കെജ്‌രിവാളും ഹാര്‍ദ്ദിക് പട്ടേലും ജിഗ്നേഷ് മേവാനിയും അടങ്ങുന്ന രാഷ്ട്രീയ കൂട്ടായ്മയെയാണ്.

Top