ജിഎസ്ടിയും നോട്ട് അസാധുവാക്കലും ശരിയായ പരിഷ്‌കാരങ്ങളെന്ന് അരുണ്‍ ജയ്റ്റ്ലി

വാഷിംഗ്ടണ്‍: ചരക്കു സേവന നികുതി, നോട്ട് അസാധുവാക്കല്‍ എന്നിവ ശരിയായ സാമ്പത്തിക പരിഷ്‌കാരങ്ങളായിരുന്നെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ ശോഭനമായ ഭാവി മുന്നില്‍ക്കണ്ടു കൊണ്ടുള്ള നീക്കങ്ങളായിരുന്നു ഇവയെന്നും ഈ പരിഷ്‌കാരങ്ങളിലൂടെ സാമ്പത്തിക രംഗം ഉയര്‍ച്ചയുടെ സഞ്ചാരപഥത്തിലാണെന്നും ജയ്റ്റ്ലി വാഷിംഗ്ടണില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ പറഞ്ഞു.

ലോകത്ത് 2.5 ശതമാനം എന്ന നിരക്കില്‍ വളര്‍ച്ച സംഭവിക്കുന്ന കാലഘട്ടത്തില്‍ ഇന്ത്യയായിരുന്നു ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന രാജ്യം. അത് മേല്‍ക്കൂര ശക്തിപ്പെടുത്തുന്ന കാലഘട്ടമായിരുന്നു. അടിത്തറ ബലപ്പെടുത്താന്‍ ഇനിയും വൈകിക്കൂടാ. ഇതാണ് ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ശരിയായ സമയമെന്നും ജയ്റ്റ്ലി പറഞ്ഞു.

മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കു നേര്‍ക്കു വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കു നേരെയും ജയ്റ്റ്ലി പ്രതിരോധമുയര്‍ത്തി. കറന്‍സിയെ അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ് വ്യവസ്ഥയായി മുന്നോട്ടു പോകണമെന്നാണോ ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നതെന്നും അപായസാധ്യതയുള്ള നീക്കങ്ങള്‍ നടത്തുമ്പോള്‍ ഒന്നോ രണ്ടോ പാദത്തില്‍ തിരിച്ചടി നേരിട്ടേക്കാമെന്നും ജയ്റ്റ്ലി പറഞ്ഞു.

കള്ളപ്പണം അവസാനിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ള കാര്യമേ അല്ലായിരുന്നെന്നും അദ്ദേഹം പരിഹസിച്ചു.

 

 

Top