ഡാര്‍ജലിംഗില്‍ നിന്നു കേന്ദ്രസേനയെ പിന്‍വലിക്കുന്നതിനു സ്റ്റേ

ന്യൂഡല്‍ഹി: ഡാര്‍ജലിംഗില്‍ നിന്നു കേന്ദ്രസേനയെ പിന്‍വലിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്ക് സ്റ്റേ.

കേന്ദ്രതീരുമാനം ചോദ്യം ചെയ്തു പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കത്തില്‍ ഈ മാസം 23ന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി കേന്ദ്രത്തോടു നിര്‍ദേശിച്ചു. ഈ സത്യവാങ്മൂലത്തിനു മൂന്നു ദിവസത്തിനുശേഷം മറുപടി നല്‍കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു.

പ്രശ്നബാധിതമായ ഡാര്‍ജലിംഗില്‍ നിന്നു 10 സിഎപിഎഫ് കമ്പനികളെ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഞായറാഴ്ച തീരുമാനമെടുത്തിരുന്നു. 15 കമ്പനി സൈന്യത്തെയായിരുന്നു പ്രദേശത്തു വിന്യസിച്ചിരുന്നത്. എന്നാല്‍ തീരുമാനത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി എതിര്‍ത്തു. ഇതോടെ പിന്‍വലിക്കുന്ന കമ്പനികളുടെ എണ്ണം ഏഴായി ചുരുക്കി. ഈ തീരുമാനമാണു സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തത്.

പ്രശ്ന ബാധിത മേഖലകളില്‍ നിന്നു സായുധ സൈന്യത്തെ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പ്രേരിതവും ജനാധിപത്യ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചിരുന്നു. ബംഗാളിന്റെ സ്ഥിരതയെ വിഭജിക്കാനുള്ള നടപടിയാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്നും രാഷ്ട്രീയമായും ഭരണപരമായും ഇത് മോശം തീരുമാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ക്ക് അയച്ച കത്തില്‍ മമത ബാനര്‍ജി കുറ്റപ്പെടുത്തി.

ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭകാരികള്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഡാര്‍ജലിംഗില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിനെ തുടര്‍ന്നു ജൂണ്‍ 12നാണ് പ്രദേശത്ത് അര്‍ധസൈനിക വിഭാഗത്തെ ക്രമസമാധാന പാലനത്തിനായി നിയോഗിച്ചത്.

Top