മഹാരാജാസിലെ ആയുധവേട്ട; അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്ത്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നുകൊടുത്ത സ്റ്റാഫ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് പിടികൂടിയ ആയുധശേഖരവുമായി ബന്ധപ്പെട്ട് പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്നും എസ്എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം 30ന് അവധിക്കാലം പ്രമാണിച്ച് ഹോസ്റ്റല്‍ അടച്ചിരുന്നു. അടച്ചിട്ടിരിക്കുന്ന ഹോസ്റ്റലില്‍ സാമൂഹ്യ വിരുദ്ധര്‍ കേന്ദ്രീകരിക്കുന്നുണ്ട് എന്നാണ് ആയുധവേട്ടയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. അറ്റകുറ്റപണിയ്ക്കായി നേരത്തെ അടച്ചിട്ട കോളേജ് ഗ്രൗണ്ടിനടുത്തുള്ള എം.സി.ആര്‍.വി ഹോസ്റ്റലിലും സാമൂഹ്യ വിരുദ്ധര്‍ കേന്ദ്രീകരിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. അതേ പ്രവണത സ്റ്റാഫ് ഹോസ്റ്റലിലും ഉണ്ടോ എന്നത് പരിശോധിക്കപ്പെടണമെന്നും എസ്എഫ്‌ഐ ചൂണ്ടിക്കാട്ടി.

മഹാരാജാസ് കോളേജിന്റെ അക്കാദമിക നിലവാരം ഉയര്‍ത്തുവാനും മികവിന്റെ കേന്ദ്രമാക്കാനും സംസ്ഥാന സര്‍ക്കാരും ഗവേണിങ്ങ് കൗണ്‍സിലും കഠിന പരിശ്രമം നടത്തിക്കൊണ്ടിരിക്കെ അതിനെയെല്ലാം പിന്നോട്ടടിക്കാനും മഹാരാജാസ് കോളേജിനെ തകര്‍ക്കുവാനും വേണ്ടിയുള്ള ശ്രമങ്ങളെ ഒറ്റപ്പെടുത്തണം. ആയുധവേട്ടയുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദുരൂഹതകള്‍ ഒഴിവാക്കണമെങ്കില്‍ സമഗ്രമായ അന്വേഷണം നടത്തിയേ മതിയാകൂ. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും എസ് എഫ് ഐ ജില്ലാ സെക്രട്ടേറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മഹാരാജാസ് കോളേജിലെ സ്റ്റാഫ് ഹോസ്റ്റലില്‍ നിന്നും ആയുധങ്ങള്‍ പിടികൂടിയത്. ഈ സംഭവം ഏറെ വിവാദത്തിന് കാരണമായിരുന്നു.

Top