അതിരൂപത ഭൂമി ഇടപാട്: കേസെടുക്കാനുള്ള ഉത്തരവിനെതിരായ കര്‍ദിനാളിന്റെ അപ്പീല്‍ വിധി പറയാന്‍ മാറ്റി

angamaly diocese

കൊച്ചി: അതിരൂപതയുടെ ഭൂമി ഇടപാടില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച അപ്പീല്‍ വിധിപറയുന്നതിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാറ്റി.

കര്‍ദിനാളും മറ്റും നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് വിധി സ്‌റ്റേ ചെയ്തിരുന്നു. അനുകൂല വിധി ലഭിച്ചില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതിയെ വീണ്ടും സമീപിക്കാമെന്നും തങ്ങള്‍ ഹര്‍ജിക്കാര്‍ക്കൊപ്പമാണെന്നും കഴിഞ്ഞയാഴ്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കര്‍ദിനാളിനു പുറമേ ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റിയന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ മാര്‍ച്ച് ആറിനാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പനയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, ചതി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

Top