appointment of cbi interim director; supreme court today issued notice to centre for december

ന്യൂഡല്‍ഹി: സി.ബി.ഐ. ഇടക്കാല ഡയറക്ടറായി രാകേഷ് അസ്താനയെ നിയമിച്ചതില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞു.

ഈ മാസം 16 നകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമനം ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.

എന്‍.ജി.ഒ.യായ കോമണ്‍ കോസിനുവേണ്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഈ നിയമനം കേന്ദ്രം അനധികൃതമായ രീതിയില്‍ നടത്തിയെന്നുകാണിച്ച് കോടതിയെ സമീപിച്ചത്.

പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയുടെ യോഗം സര്‍ക്കാര്‍ വിളിച്ചുകൂട്ടിയില്ല, ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 1946ന്റെ 4 എ വകുപ്പിന്റെ ലംഘനമാണിതെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

1984 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ അസ്താനയെ ഡിസംബര്‍ രണ്ടിന് സി.ബി.ഐ. പ്രത്യേക ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമിച്ചിരുന്നു. ഈ സ്ഥാനത്തുണ്ടായിരുന്ന ആര്‍.കെ. ദത്തയെ ആഭ്യന്തരകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക സ്‌പെഷ്യല്‍ സെക്രട്ടറിസ്ഥാനത്ത് നിയമിച്ചു.

പ്രത്യേക ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ദത്തയെ മാറ്റിയത് കാലാവധി കഴിയുന്നതിനുമുന്‍പാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അനില്‍സിന്‍ഹ സി.ബി.ഐ. ഡയറക്ടര്‍സ്ഥാനത്തുനിന്ന് മാറുന്നതിന് രണ്ടുദിവസം മുമ്പാണ് ദത്തയെ സ്ഥാനംമാറ്റിയത്. ഡിസംബര്‍ രണ്ടിനാണ് സിന്‍ഹ മാറിയത്.

Top