കോടിയേരിക്ക് ഡൽഹിയിൽ ‘ചുട്ട’ മറുപടിക്ക് സംഘ പരിവാർ സംഘടനകളുടെ കരു നീക്കം

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ കാലുകുത്തിയാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സംഘപരവാര്‍ സംഘടനകളുടെ നീക്കം.

കണ്ണൂരില്‍ സൈനിക ഭരണം ഏര്‍പ്പെടുത്തണമെന്ന ബിജെപി ആവശ്യത്തിനെതിരെ കോടിയേരി നടത്തിയ അഭിപ്രായപ്രകടനമാണ് പെട്ടന്നുള്ള പ്രകോപനത്തിനു കാരണം.

‘പട്ടാള നിയമം പ്രയോഗിച്ച സംസ്ഥാനങ്ങളില്‍ ജനങ്ങളും പട്ടാളവും തമ്മില്‍ ഏറ്റുമുട്ടുകയാണ്. പരമാധികാരമുള്ളതിനാല്‍ പട്ടളത്തിന് എന്തും ചെയ്യാം, നാലാളു കൂടി നിന്നാല്‍ പട്ടാളം വെടിവെച്ച് കൊല്ലും, സ്ത്രീകളെ പിടിച്ചു കൊണ്ടുപോയി മാനഭംഗം ചെയ്യും’ ഇതായിരുന്നു കോടിയേരിയുടെ വാചകങ്ങള്‍.

പ്രസംഗം ദേശീയ മാധ്യമങ്ങള്‍ അടക്കം വാര്‍ത്തയാക്കിയതോടെ ബിജെപി-ആര്‍എസ്എസ് നേതൃത്ത്വങ്ങള്‍ സംഭവം ഏറ്റെടുത്തിരിക്കുകയാണ്.

നാടിനു വേണ്ടി സ്വയം ജീവിതം സമര്‍പ്പിച്ച് പോരാടുന്ന സൈന്യത്തെ അപമാനിച്ചത് പൊറുക്കാന്‍ കഴിയാത്ത തെറ്റാണെന്നു പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം മാപ്പു പറയണമെന്നതുമാണ് സംഘപരിവാറിന്റെ ആവശ്യം.

സിപിഎം പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ക്കായി ഡല്‍ഹിയിലെത്തുമ്പോള്‍ കോടിയേരിക്കെതിരെ ശക്തമായി പ്രതികരിക്കാനാണ് നീക്കം.

കണ്ണൂരില്‍ അടുത്തയിടെ ആര്‍ എസ് എസ് കാര്യവാഹ് കൊല്ലപ്പെട്ട സംഭവത്തിലും ഇപ്പോള്‍ മുഖ്യമന്ത്രിയേക്കാള്‍ ആര്‍ എസ് എസ്, ബിജെപി നേതൃത്ത്വങ്ങള്‍ ആഞ്ഞടിക്കുന്നതും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും കോടിയേരിയെയാണ്.

ഈ കൊലപാതകത്തില്‍ ഉള്‍പ്പെട്ട സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടി തളളിപറഞ്ഞെങ്കിലും പാര്‍ട്ടി അഭിഭാഷകന്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് ഒത്തുകളിയുടെ ഭാഗമാണെന്നാണ് സംഘ പരിവാറിന്റെ ആരോപണം.

കോടിയേരിക്കെതിരെ നിലപാട് കടുപ്പിച്ചാല്‍ കണ്ണൂരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം അവസാനിക്കുമെന്നാണ് നേതൃത്ത്വത്തിന്റെ പ്രതീക്ഷ.

മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് ലഭിക്കുന്ന പരിരക്ഷയും പ്രാധാന്യവും കോടിയേരിക്ക് ദേശീയ തലത്തില്‍ ലഭിക്കില്ലന്നതും, സൈന്യത്തിനെതിരായ പരാമര്‍ശം മുന്‍നിര്‍ത്തിയാല്‍ പൊതു പിന്തുണ ലഭിക്കുമെന്നതിനാലുമാണ് ഈ വിഷയം തന്നെ ഏറ്റെടുത്തിരിക്കുന്നത്.ഇതോടൊപ്പം കണ്ണൂരിലെ ആക്രമണവും ‘ആയുധ ‘മാക്കാനാണ് തീരുമാനം.

ഇതോടെ മുന്‍ ആഭ്യന്തര മന്ത്രി എന്ന പരിഗണന കൂടി ചൂണ്ടിക്കാട്ടി ഡല്‍ഹിയില്‍ പൊലീസ് സംരക്ഷണം കോടിയേരിക്ക് ഏര്‍പ്പെടുത്തേണ്ട സഹചര്യമാണ് ഇപ്പോള്‍ ഉരുതിരിയുന്നത്.

കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ഡല്‍ഹി പൊലീസിന്റെ സഹായം സി പി എമ്മും കോടിയേരിയും സ്വീകരിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.

Top