മറ്റൊരു എ.ഡി.ജി.പി സുഹൃത്തുക്കള്‍ക്കായി ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു

kerala police

തിരുവനന്തപുരം: ചില ഐ.പി.എസുകാരുടെ കുടുംബങ്ങളെ മാത്രമല്ല സുഹൃത്തുക്കളെയും ‘ചുമക്കേണ്ട’ ഗതികേടില്‍ പൊലീസുകാര്‍.

ബറ്റാലിയന്‍ എ.ഡി.ജി.പിയുടെ മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ച് ആശുപത്രിയിലാക്കിയ സംഭവത്തിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

ഇപ്പോള്‍ തന്ത്രപ്രധാനമായ ചുമതലയില്‍ ഇരിക്കുന്ന ഉത്തരേന്ത്യക്കാരനായ എ.ഡി.ജി.പിക്ക് എതിരെയാണ് ഗുരുതര ആരോപണം. ഇയാളുടെ വിദേശത്തുള്ള മലയാളി സുഹൃത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ‘ആനയിച്ച് കൊണ്ടുപോകാറുള്ളത് ഒദ്യോഗിക വാഹനത്തിലാണത്രെ. മുന്‍പ് അപ്രധാന തസ്തികയില്‍ ഈ ഉദ്യോഗസ്ഥനിരുന്നപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. ഈ ദുരുപയോഗം സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രഹസ്യാന്വേഷണ മേധാവിക്ക് പരാതിയും ലഭിച്ചിരുന്നു.

മേലുദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും മാത്രമല്ല ,മറ്റു ‘വിഴുപ്പുകളെയും’ ചുമക്കേണ്ടി വരുന്നതും ബഹുമാനിക്കേണ്ടിവരുന്നതും തികച്ചും അരോചകമാണെന്നാണ് പൊലീസുകാരുടെ പരാതി.

പിണറായി ആണ് മുഖ്യമന്ത്രി എന്നതിനാല്‍ ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ മൊബൈലില്‍ പകര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറാനാണ് തീരുമാനം.

പകപോക്കല്‍ ഉണ്ടാകില്ലന്ന് ഉറപ്പു നല്‍കിയാല്‍ കൂടുതല്‍ പൊലീസുകാര്‍ മേലുദ്യോഗസ്ഥരുടെ പീഢനത്തിനെതിരെ പരാതി നല്‍കുമെന്നും അവര്‍ പറയുന്നു.

നേരത്തെയും ഐ.പി.എസ് ഉന്നതരുടെ ഇത്തരം നിയമ ലംഘനങ്ങള്‍ വിവാദമായിട്ടുണ്ട്. അതേസമയം സ്വന്തം ഭാര്യമാരെ പോലും പൊലീസ് വാഹനത്തില്‍ കയറ്റാത്ത ഐ.പി.എസ് ഉദ്യോഗസ്ഥരും കേരളത്തിലുണ്ട്.

ബറ്റാലിയന്‍ എ.ഡി.ജി.പിയായ സുദേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചതായി കാട്ടി അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ ഗവാസ്‌ക്കറാണ് പരാതിയുമായി രംഗത്തെത്തിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഗവാസ്‌ക്കര്‍ ഇപ്പോള്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രഭാത നടത്തത്തിനായി എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും തിരുവനന്തപുരം കനകക്കുന്നില്‍ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസം എ.ഡി.ജി.പിയുടെ മകള്‍ ഗവാസ്‌ക്കറിനെ അസഭ്യം പറഞ്ഞിരുന്നതായും ഇക്കാര്യത്തില്‍ ഗവാസ്‌ക്കര്‍ എ.ഡി.ജി.പിയോട് പരാതിപ്പെട്ടതായും വിവരമുണ്ട്.

രാവിലെ കനകക്കുന്നില്‍ വച്ചും അസഭ്യം പറയുന്നത് തുടര്‍ന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത ഗവാസ്‌ക്കര്‍ ഇനിയും അസഭ്യം തുടര്‍ന്നാല്‍ ഓടിക്കാനാവില്ലെന്ന് പറഞ്ഞ് വാഹനം സൈഡിലേക്ക് ഒതുക്കി നിറുത്തി. ഇതില്‍ പ്രകോപിതയായ എ.ഡി.ജി.പിയുടെ മകള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങുകയും ഗവാസ്‌ക്കറെ മൊബൈല്‍ ഫോണ്‍ കൊണ്ട് കഴുത്തിന് താഴെ ഇടിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ ഗവാസ്‌ക്കര്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ എ.ഡി.ജി.പി ഇതുവരെയും തയ്യാറായിട്ടില്ല.

പൊലീസ് വാഹനം സുഹൃത്തിന്റെ കുടുംബത്തിന് വിട്ടുനല്‍കുന്ന എ.ഡി.ജി.പിയുമായി താരതമ്യം ചെയ്യുമ്പോള്‍
ഇപ്പോള്‍ വിവാദത്തിലായ ബറ്റാലിയന്‍ എ.ഡി.ജി.പി സുദേഷ് കുമാര്‍ പൊതുവെ സേനയ്ക്കകത്ത് മാന്യനായ ഉദ്യോഗസ്ഥനായാണ് അറിയപ്പെടുന്നത്.

റിപ്പോര്‍ട്ട്: എം വിനോദ്‌

Top