ദേശീയ നിരീക്ഷക പദവി സ്ഥാനം ഒഴിയുമെന്ന് അഞ്ജു ബോബി ജോര്‍ജ്

ന്യൂഡല്‍ഹി: ദേശീയ നിരീക്ഷക പദവി സ്ഥാനം ഒഴിയുമെന്ന് അഞ്ജു ബോബി ജോര്‍ജ്. സര്‍ക്കാര്‍ തീരുമാനമായതിനാല്‍ പദവിയില്‍ നിന്ന് മാറിനില്‍ക്കും. ഭര്‍ത്താവിന്റെ പേരിലാണ് പരിശീലന സ്ഥാപനം. ഇത് എങ്ങനെ ഭിന്ന താല്‍പ്പര്യമുണ്ടാക്കുമെന്ന് അറിയില്ലെന്നും അഞ്ജു അറിയിച്ചു.

ദേശീയ കായിക നിരീക്ഷക പദവി ഒഴിയണമെന്നാവശ്യപ്പെട്ട് അഞ്ജു ബോബി ജോര്‍ജ്ജ് അടക്കമുള്ള അഞ്ച് മുന്‍ കായിക താരങ്ങള്‍ക്ക് കേന്ദ്ര കായികമന്ത്രാലയം കത്തയച്ചിരുന്നു. സ്വന്തമായി പരിശീലന കേന്ദ്രങ്ങളും അക്കാദമികളുമുള്ളതിനാല്‍ ഭിന്നതാല്‍പര്യമുണ്ടാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം രാജി ആവശ്യപ്പെട്ടത്.

ടാര്‍ഗറ്റ് ഒളിംപിക് പോഡിയത്തിന്റെ ചുമതല നേരത്തെ ഒഴിഞ്ഞ പി ടി ഉഷയ്ക്കും മന്ത്രാലയം കത്തയച്ചിട്ടുണ്ട്. പോഡിയം അധ്യക്ഷ സ്ഥാനം രാജിവച്ച അഭിനവ് ബിന്ദ്രയോടും നിരീക്ഷക പദവി ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണ്ണം മല്ലേശ്വരി, ടേബിള്‍ ടെന്നിസ് മുന്‍ താരം കമലേഷ് മെഹ്ത എന്നിവരോടും മന്ത്രാലയം രാജി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര നിരീക്ഷകരില്‍ ഐ എം വിജയനും അംഗമാണ്.

Top