ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി അനില്‍ കുംബ്ലെ തുടര്‍ന്നേക്കും

ലണ്ടന്‍ :ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി അനില്‍ കുംബ്ലെ തന്നെ തുടര്‍ന്നേക്കും. പുതിയ പരിശീലകനെ കണ്ടെത്താനുള്ള ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി ഇന്നലെ യോഗം ചേര്‍ന്നു.

ഇന്ത്യശ്രീലങ്ക മല്‍സരശേഷമായിരുന്നു സമിതിയുടെ യോഗം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ സമിതിയാണ് ഈ നിലപാട് അറിയച്ചത്.

ടീമിന്റെ മികച്ച പ്രകടനത്തില്‍ കുംബ്ലെയുടെ പങ്ക് തള്ളിക്കളയരുതെന്നും, നായകന്‍ വിരാട് കോഹ്‌ലി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് കുംബ്ലെയുമായുള്ള അഭിപ്രായ ഭിന്നത കാര്യമായി എടുക്കേണ്ടെന്നും സമിതി വിലയിരുത്തിയതായാണ് സൂചന.

കോഹ്‌ലി അടക്കമുള്ള സീനിയര്‍ താരങ്ങളും കുബ്ലെയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണെന്നും സമിതി വിലയിരുത്തി. ഇതിനായി നായകന്‍ വിരാട് കോഹ്‌ലിയും ബിസിസിഐ ഭരണസമിതിയുമായും ചര്‍ച്ച നടത്താനും ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി തീരുമാനിച്ചു.

കുംബ്ലെയുമായി സമിതി അംഗങ്ങള്‍ക്കുള്ള മികച്ച ബന്ധവും നിലപാടില്‍ പ്രധാന ഘടകമായി.

പരിശീലക സ്ഥാനത്തേയ്ക്ക് രണ്ടാമത്തെ പരിഗണനയായി വിരേന്ദര്‍ സേവാഗിനെയാണ് സമിതി പരിഗണിച്ചത്. കുംബ്ലെയുടെ കാര്യത്തില്‍ സമവായമായില്ലെങ്കില്‍ മാത്രമാകും സേവാഗിനെ പരിഗണിക്കുക.

പരിശീലനത്തിലും ടീം സെലക്ഷനിലും കുംബ്ലെ നടത്തുന്ന ശക്തമായ ഇടപെടലാണ് സീനിയര്‍ താരങ്ങളുടെ അതൃപ്തിക്ക് കാരണം. ബിസിസിഐ സി ഇ ഒ രാഹുല്‍ ജോഹ്‌റിയും സമിതി യോഗത്തില്‍ സംബന്ധിച്ചു.

കുംബ്ലെയ്ക്കും സേവാഗിനും പുറമെ, ലങ്കന്‍ മുന്‍ കോച്ച് ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, മുന്‍ ഇന്ത്യന്‍ താരം ഡൊഡ്ഡ ഗണേഷ്, ലാല്‍ ചന്ദ്ര രജ്പുത് എന്നിവരാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷ നല്‍കിയിരുന്നത്.

ഈ മാസം 20 നാണ് പരിശീലക സ്ഥാനത്ത് അനില്‍കുംബ്ലെയുടെ കാലാവധി അവസാനിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് പിന്നാലെ ഇന്ത്യന്‍ ടീം വെസ്റ്റിന്‍ഡീസ് പര്യടനത്തിന് പോകും.

അതിനാല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുമ്പ് പുതിയ പരിശീലകനെ പ്രഖ്യാപിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

Top