ഇടനിലക്കാരുടെ ഭീഷണി: ആന്ധ്രയില്‍ നിന്നും അരിയെടുക്കാനുള്ള നീക്കത്തിന് തിരിച്ചടി

തിരുവനന്തപുരം:ആന്ധ്രയില്‍നിന്നും അരിയെടുക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം ഇടനിലക്കാര്‍ അട്ടിമറിച്ചു. സംസ്ഥാനത്തിന് കുറഞ്ഞ വിലയ്ക്ക് അരി നല്‍കിയാല്‍ ആന്ധ്രാവിപണി ബഹിഷ്‌കരിക്കുമെന്ന ഇടനിലക്കാരുടെ ഭീഷണിയില്‍ ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി മില്ലുടമകള്‍ വഴങ്ങി. ഇതോടെ സപ്ലൈകോയ്ിലേക്കുള്ള സബ്‌സിഡി അരി വരവ് നിലച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യമന്ത്രി പി. തിലോത്തമനും സംയുക്തമായി നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് ഓണത്തിന് ആന്ധ്രയില്‍നിന്ന് അരിയെടുക്കാന്‍ കഴിഞ്ഞത്. അന്ന് 5000 മെട്രിക് ടണ്‍ അരിയാണ് കേരളമെടുത്തത്. ക്രിസ്മസ് വിപണിയില്‍ 10,000 ടണ്‍ അരി നേരിട്ടെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍, ആന്ധ്ര സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനോട് സപ്ലൈകോ അരി ആവശ്യപ്പെട്ട ഉടന്‍ കേരളത്തിലെ ഇടനിലക്കാര്‍ മില്ലുടമകളെ സ്വാധീനിച്ച് അരി നല്‍കരുതെന്ന് നിര്‍ദേശിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ഇ-ടെന്‍ഡറിലൂടെ ഇടനിലക്കാരില്‍നിന്നും 2000 മെട്രിക് ടണ്‍ അരിയാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. നേരിട്ട് എടുത്തിരുന്നെങ്കില്‍ കിലോഗ്രാമിന് 30 രൂപയ്ക്കുതാഴെ ലഭിക്കേണ്ട അരി അതിലും കൂടുതല്‍ പണം നല്‍കിയാണ് വാങ്ങിയത്.

Top