അനന്ത് കുമാര്‍ ഹെഗ്‌ഡേയുടെ എസ്‌കോര്‍ട്ട് വാഹനം അപകടത്തില്‍ ; ജീവന് ഭീഷണിയുണ്ടെന്ന് മന്ത്രി

accident

ബെംഗളൂരു: ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര നൈപുണ്യവികസന സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡേ രംഗത്ത്. ചൊവ്വാഴ്ച രാത്രിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെയായിരുന്നു മന്ത്രി ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കര്‍ണാടകയിലെ ഹവേരി ജില്ലയിലുള്ള റാണെബെന്നുരിലാണ് ഹെഗ്‌ഡേയുടെ വാഹനത്തിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ കേന്ദ്രമന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് പരുക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിന്നാലെയാണ് അനന്ത്കുമാര്‍ ഹെഗ്‌ഡേയുടെ വാഹനം പോയത്. അപകടം കണ്ട് ഡ്രൈവര്‍ പെട്ടന്ന് വാഹനം നിയന്ത്രിച്ചതിനാലാണ് താന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

തെറ്റായ വശത്തുകൂടി എത്തിയ ട്രക്ക് മുന്നിലുണ്ടായിരുന്ന വാഹനത്തെ ഇടിച്ചതിന് ശേഷം താന്‍ സഞ്ചരിച്ച കാറിനെയും ഇടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഹെഗ്‌ഡേ വ്യക്തമാക്കി.

Top