പൊതുമാപ്പ് പ്രയോജനപ്പെടുത്തിയില്ല; ഏഴായിരത്തിലേറെ നിയമ ലംഘകര്‍ പിടിയില്‍

amnesty

റിയാദ്: സൗദി അറേബ്യയിലെ പൊതുമാപ്പ് അവസാനിച്ചതിന് ശേഷം രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്ന് റെയ്ഡുകളില്‍ ഏഴായിരത്തിലേറെ നിയമ ലംഘകര്‍ പിടിയിലായതായി പൊതു സുരക്ഷാ വകുപ്പ്.

എന്നാല്‍ ഏഴു മാസം നീണ്ടുനിന്ന പൊതുമാപ്പ് വേളയില്‍ 7.5 ലക്ഷം നിയമലംഘകര്‍ രാജ്യം വിട്ടതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് ദിവസങ്ങളിലായി രാജ്യത്തെ 13 പ്രവിശ്യകളിലാണ് പരിശോധന നടന്നത്. 7,547 നിയമ ലംഘകരാണ് പിടിയിലായത്.

ഇനിയുള്ള ദിവസങ്ങളിലും കൂടുതല്‍ ശക്തമായ പരിശോധന തുടരുമെന്ന് പൊതു സുരക്ഷാ വകുപ്പ് വക്താവ് സാമി അല്‍ ശുവൈരിഖ് പറഞ്ഞു.

താമസാനുമതി രേഖയായ ഇഖാമ ഇല്ലാത്ത നിരവധി വിദേശികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തൊഴില്‍ നിയമ ലംഘകരെയും തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവരെയും കസ്റ്റഡിയിലെടുക്കുന്നുണ്ട്.

പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി 7,58,570 നിയമ ലംഘകരാണ് ഇതുവരെ രാജ്യം വിട്ടത്.

ഫൈനല്‍ എക്‌സിറ്റ് നേടിയ 22,000 പേര്‍ ഇനിയും രാജ്യം വിടാനുണ്ട്. ഈജിപ്തില്‍ നിന്നുളള നിയമ ലംഘകര്‍ക്ക് ആറു മാസം കൂടി പൊതുമാപ്പ് ആനുകൂല്യം ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Top