ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കുന്നത് ദിലീപ് വിരുദ്ധര്‍ക്ക് വലിയ തിരിച്ചടിയായി മാറും . .

mohanlal

കൊച്ചി: എല്ലാം രമ്യമായി പരിഹരിക്കപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും താര സംഘടന ‘അമ്മ’യില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണം.

ഡബ്ല്യൂ.സി.സി അംഗങ്ങളായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ദിലീപിന്റെ കാര്യത്തില്‍ ഒരു ഉറപ്പും നല്‍കാന്‍ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ ആരും തന്നെ തയ്യാറായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നിരപരാധിത്യം ബോധ്യപ്പെടും വരെ സംഘടനയില്‍ സജീവമാകില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് നല്‍കിയ കത്തും ഇവിടെ ചര്‍ച്ചയായില്ല.

87393907-0342-45f8-9cae-7f6421861843

അമ്മയില്‍ നിന്നും രാജിവെച്ച് വെട്ടിലായ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ ദാസ്, രമ്യ നമ്പീശന്‍, ഭാവന എന്നിവരെ സംഘടനയില്‍ തിരിച്ചെടുക്കുന്ന കാര്യം ഇനി തീരുമാനിക്കേണ്ടത് ജനറല്‍ ബോഡി യോഗമാണെന്ന് യോഗത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി. ഇവരുടെ സംഘടനാ പ്രവേശനം കൂടി ഉറപ്പു വരുത്താന്‍ ശ്രമിച്ച ഡബ്ല്യൂ. സി.സി അംഗങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു ഈ നിലപാട്.

സാധാരണ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിളിച്ചു ചേര്‍ക്കുന്ന ജനറല്‍ ബോഡി യോഗം ഇപ്പോഴത്തെ അസാധാരണ സാഹചര്യത്തില്‍ വീണ്ടും വിളിച്ചു ചേര്‍ക്കുമ്പോള്‍ കാര്യങ്ങള്‍ എന്താകും എന്ന കാര്യത്തില്‍ വലിയ ആശങ്ക വിമത വിഭാഗത്തിനുണ്ട്. ഡബ്ല്യൂ.സി.സി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ വോട്ടെടുപ്പ് നടന്നാല്‍ ഡബ്ല്യൂ.സി.സിക്ക് വലിയ തിരിച്ചടിയാകും. ദിലീപിനെ തിരിച്ചെടുത്ത തീരുമാനം റദ്ദാക്കണമെന്ന ഡബ്ല്യൂ.സി.സി ആവശ്യം വോട്ടിനിട്ടാല്‍ വലിയ ഭൂരിപക്ഷത്തിന് തള്ളിപോകാനാണ് സാധ്യത.

amma

ദിലീപിനെ അനുകൂലിക്കുന്ന താരങ്ങളാണ് അമ്മയിലെ ഭൂരിപക്ഷവും. പൃഥ്വിരാജ് ഉള്‍പ്പെടെ ഏതാനും ചില താരങ്ങള്‍ ഡബ്ല്യൂ.സി.സി നിലപാടിനൊപ്പം ആണെങ്കിലും അത് വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമാണ്. എതിരായ നിലപാട് സ്വീകരിച്ച നടന്‍ ജോയ് മാത്യുവിന് തന്നെ ഏതാനും അവസരങ്ങള്‍ നഷ്ടപ്പെടുകയുണ്ടായി. സിനിമാ താരങ്ങള്‍ക്കിടയില്‍ മാത്രമല്ല, തിയേറ്റര്‍ ഉടമകളുടെയും വിതരണ-നിര്‍മ്മാണ സംഘടനകളുടെയും ശക്തമായ പിന്തുണ ദിലീപിന് ഉണ്ട്. കോടതി വിധി വരും വരെ ഒരിക്കലും ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഈ സംഘടനകള്‍.

മുഖ്യധാരാ സിനിമാ സംഘടനകളെ വെല്ലുവിളിച്ച് ഈ രംഗത്ത് തുടരാന്‍ കഴിയില്ല എന്നതിനാല്‍ ‘അമ്മ’ ജനറല്‍ ബോഡിയില്‍ ഡബ്ല്യൂ.സി.സിക്ക് രഹസ്യ പിന്തുണ നല്‍കിയ എത്ര പേര്‍ അതേ നിലപാട് പരസ്യമായി പറയുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കിയതിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച താരങ്ങളെ യോഗത്തില്‍ തുറന്നു കാട്ടുവാനും താരങ്ങള്‍ക്കിടയില്‍ ആലോചനയുണ്ട്.

Top