സ്ഥാനാര്‍ത്ഥികളെ മറക്കു; മോദിയേയും പാര്‍ട്ടിയേയും ഉയര്‍ത്തിക്കാട്ടി വോട്ടു തേടാന്‍ അമിത്ഷാ

amithshah

ബെംഗളൂരു: കര്‍ണ്ണാടയില്‍ അടുത്തു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിക്ക് പകരം പാര്‍ട്ടിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പേര് ഉയര്‍ത്തിക്കാട്ടി വോട്ടു പിടിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഉപദേശം. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ തന്ത്രങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

‘സ്ഥാനാര്‍ത്ഥികള്‍ ആരാണെന്ന് നോക്കെണ്ടയെന്നാണ് പ്രവര്‍ത്തകരോട് എനിക്ക് പറയാനുളളത്. പാര്‍ട്ടിയുടെ താമര ചിഹ്നവും മോദിയുടെ ചിത്രവും മാത്രം നോക്കിയാല്‍ മതി’, ദക്ഷിണ കന്നഡ ജില്ലയില്‍ ചൊവ്വാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അസംബ്ലി സീറ്റുകള്‍ വിജയിക്കുക എന്നതല്ല നിങ്ങളുടെ ജോലി, ബൂത്തില്‍ വിജയിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പല ബൂത്തുകള്‍ ജയിച്ചു കിട്ടിയാല്‍ തിരഞ്ഞെടുപ്പില്‍ നമ്മള്‍ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിടാന്‍ ബിജെപി നേതാവ് ബി.എസ്.യെദിയൂരപ്പയാണ് പോരാട്ടത്തിനിറങ്ങുക. പാര്‍ട്ടിക്ക് വോട്ടര്‍മാര്‍ നല്‍കുന്ന പിന്തുണ ഇല്ലായ്മ എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ എ പ്ലസ്, എ, ബി, സി എന്നിങ്ങനെ ബിജെപി നേതൃത്വം തരംതിരിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 56,000 പോളിങ് ബൂത്തുകളാണ് കര്‍ണാടകയിലുളളത്. ഓരോ ബൂത്തിലും ഏകദേശം 1200 വോട്ടര്‍മാര്‍ വീതമുണ്ടാകും. തിരഞ്ഞെടുപ്പ് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും ബിജെപി പ്രചരണം ശക്തമാക്കിയിട്ടുണ്ട്.

Top