അമേരിക്ക-റഷ്യ . . ഈ രണ്ടു ‘ശത്രുക്കള്‍’ക്കും ഏറെ പ്രിയങ്കരമാണിപ്പോള്‍ മാറുന്ന ഇന്ത്യ . .

സോചി: ലോകത്തെ നിയന്ത്രിക്കുന്ന ഏറ്റവും വലിയ ആദ്യത്തെ രണ്ടു സൈനിക ശക്തികളാണ് അമേരിക്കയും റഷ്യയും. സോവിയറ്റ് യൂണിയന്‍ റഷ്യയായി മാറുന്നതിനു മുന്‍പും ഇതു തന്നെയായിരുന്നു അവസ്ഥ. പരസ്പരം വൈരികളായ ഈ രണ്ടു രാജ്യങ്ങളും ഇന്ന് ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ചൈനയുടെയും പാക്കിസ്ഥാന്റെയും ഉറക്കം കെടുത്തുന്നതും ഈ യാഥാര്‍ത്ഥ്യം തന്നെയാണ്.

ഇന്ത്യാ-പാക്ക് യുദ്ധകാലത്ത് പാക്കിസ്ഥാനൊപ്പം നിലകൊണ്ടിരുന്ന രാജ്യമാണ് അമേരിക്ക. അമേരിക്കന്‍ കപ്പല്‍ പടയെ തിരിച്ചയച്ചത് അന്ന് സോവിയറ്റ് യൂണിയന്റെ കപ്പല്‍ വ്യൂഹമായിരുന്നു. എന്നാല്‍ പിന്നീട് ഒബാമയുടെ വരവോടെ അമേരിക്ക പാക്കിസ്ഥാനുമായി അകന്നുതുടങ്ങുകയായിരുന്നു. ബിന്‍ ലാദനെ പാക്കിസ്ഥാനില്‍ കയറി മിന്നല്‍ ഓപ്പറേഷനിലൂടെ വധിച്ച ഒബാമ ഭരണകൂടത്തിന് ഭീകരരുടെ താവളമാണ് പാക്കിസ്ഥാനെന്ന ഇന്ത്യയുടെ വാദത്തെ അംഗീകരിക്കേണ്ടിയും വന്നു. ഇപ്പോള്‍ പുതുതായി അധികാരമേറ്റ ട്രംപും ഇക്കാര്യത്തില്‍ ഒബാമയുടെ പാതയില്‍ തന്നെയാണ്.

c418bb16-985a-474d-9297-b56c68844a69

ചൈന ഉയര്‍ത്തുന്ന വെല്ലുവിളി ചെറുക്കാന്‍ ഇന്ത്യ അല്ലാതെ മറ്റൊരു സാധ്യതയും നിലവില്‍ അമേരിക്കക്ക് മുന്‍പിലില്ല. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആയുധ മേഖലയിലടക്കം ഇന്ത്യയുമായി നിരവധി കരാറുകളിലാണ് അമേരിക്ക ഒപ്പുവച്ചിട്ടുള്ളത്. അറ്റാക്ക് ഹെലികോപ്റ്റര്‍ മുതല്‍ വന്‍ പ്രഹര ശേഷിയുള്ള മിസൈല്‍ വരെ ഉള്‍പ്പെടും. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സഞ്ചരിക്കാന്‍ തയ്യാറാക്കുന്ന അത്യാധുനിക വിമാനം അമേരിക്കയിലെ ബോയിങ് കമ്പനിയാണ് നിര്‍മ്മിക്കുന്നത്.

റഷ്യയാവട്ടെ സോവിയറ്റ് കാലഘട്ടം മുതല്‍ ഇന്ത്യയുടെ സൈനിക പങ്കാളിയാണ്. ആണവ അന്തര്‍വാഹിനിയും ഭീമന്‍ യുദ്ധക്കപ്പലും മുതല്‍ സൈന്യം ഇന്നു ഉപയോഗിക്കുന്ന ഭൂരിപക്ഷം ആയുധങ്ങളും റഷ്യന്‍ നിര്‍മ്മിതമാണ്. ഇന്ത്യയെ കൈവിട്ട ഒരു കളിക്ക് റഷ്യ ഒരിക്കല്‍ പോലും തയ്യാറാകില്ലെന്ന് വ്യക്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ നിരവധി തവണ അമേരിക്കയും റഷ്യയും സന്ദര്‍ശിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കിയിട്ടുണ്ട്.

82459be0-261b-4854-b88d-0402ce83013b

പാക്കിസ്ഥാനുമായി കൈകോര്‍ത്ത് ചൈന നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴിയും മാലിദ്വീപിലും ശ്രീലങ്കയിലും ഉണ്ടാക്കിയ സ്വാധീനവും നേപ്പാളിലെ ഭരണമാറ്റവും ദോക്‌ലാമിലെ ഇടപെടലുകളുമെല്ലാം ഗൗരവമായി കാണുന്ന ഇന്ത്യ ഈ ഭീഷണികളെ ചെറുക്കാന്‍ തന്ത്രപരമായ ഇടപെടലുകളാണ് നടത്തി വരുന്നത്. പാക്കിസ്ഥാനെതിരായ നീക്കത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്ന ഇറാനെതിരെ അമേരിക്ക ഇപ്പോള്‍ നടത്തിയ ഉപരോധം പിന്‍വലിപ്പിക്കാന്‍ നരേന്ദ്ര മോദി തന്നെ മധ്യസ്ഥ ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉപരോധം റഷ്യയെയും ബാധിക്കുമെന്നതിനാല്‍ നിലവിലെ അമേരിക്ക – റഷ്യ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യന്‍ ഇടപെടലുകള്‍ അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരാണ് ഈ രാജ്യങ്ങളിലെ ജനങ്ങള്‍. അനൗപചാരിക ചര്‍ച്ചകള്‍ക്കായി റഷ്യയിലെത്തിയ മോദി ചില നിര്‍ണ്ണായക ഇടപെടല്‍ നടത്തുമെന്ന് നയതന്ത്ര വിദഗ്ദരുള്‍പ്പെടെ പ്രതീക്ഷിക്കുന്നുമുണ്ട്.

201e8db8-682e-40b8-b12f-33f2c1f86cba

പുടിന്‍ അധികാരത്തിലെത്തിയതിനു ശേഷം സൗഹൃദ സന്ദര്‍ശനമെന്ന നിലയിലാണ് മോദിയുടെ ഇപ്പോഴത്തെ വരവ്. എന്നാല്‍ രാജ്യാന്തര – പ്രാദേശിക വിഷയങ്ങളില്‍ ഐക്യമുണ്ടാക്കി പരസ്പര വിശ്വാസം വളര്‍ത്തുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യവുമുണ്ട്. ഏറെ പ്രധാനം സൈനികമായ പിന്തുണ അരക്കെട്ടുറപ്പിക്കുകയെന്നതാണ്. ഏകദിന സന്ദര്‍ശനത്തിനിടെ നാലു മുതല്‍ ആറു മണിക്കൂര്‍ വരെയായിരിക്കും മോദി – പുടിന്‍ ചര്‍ച്ച നീളുകയെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചിട്ടുണ്ട്.

റഷ്യയിലെ ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് യാത്രയ്ക്കു മുന്‍പേ മോദി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുന്നതായിരിക്കും ചര്‍ച്ചകളെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് യുഎസ് പിന്മാറുന്നത് എത്തരത്തിലാണ് ഇന്ത്യയെയും റഷ്യയെയും സാമ്പത്തികമായി ബാധിക്കുകയെന്ന് ഇരുനേതാക്കളും വിശകലനം ചെയ്യും.

സൗദിക്കും ഇറാഖിനും ശേഷം ഇന്ത്യയിലേക്ക് ഏറ്റവുമധികം ഇന്ധനം ഇറക്കുമതി ചെയ്യുന്നത് ഇറാനില്‍ നിന്നായതുകൊണ്ട് തന്നെ യുഎസിന്റെ ഉപരോധം ഇന്ത്യയെയും ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയുടെ ഉള്‍പ്പെടെ സാമ്പത്തിക പിന്തുണയോടെ ഇറാന്‍ നിര്‍മിക്കുന്ന ചാബഹാര്‍ തുറമുഖത്തിന്റെ തുടര്‍ വികസനത്തെ കരാര്‍ ബാധിക്കുമോയെന്നും ഇന്ത്യ ഉറ്റുനോക്കുന്നുണ്ട്.

6cb5516e-c324-4855-8ab1-3894bb7b2278

അഫ്ഗാനിലെയും സിറിയയിലെയും സാഹചര്യങ്ങള്‍ വിലയിരുത്തുന്ന യോഗം ഭീകരവാദത്തിനെതിരെയുള്ള നടപടികള്‍ ശക്തിപ്പെടുത്താനുമുള്ള തീരുമാനവുമെടുക്കും. വരാനിരിക്കുന്ന എസ്‌സിഒ (ഷാങ്ഹായ് കോ–ഓപറേഷന്‍ ഓര്‍ഗനനൈസേഷന്‍), ബ്രിക്‌സ് ഉച്ചകോടികളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയാകും. സമീപകാലത്തു റഷ്യയ്ക്കു നേരെ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങളിന്മേലും ഇന്ത്യയ്ക്ക് ആശങ്കയുണ്ട്.

ഇന്ത്യ – റഷ്യ ആയുധ ഇടപാടിനെ ഉപരോധം ബാധിക്കാതിരിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് സൂചന.

Top