ആമസോണിലെ ജര്‍മ്മനിയിലെ ജീവനക്കാര്‍ നടത്തിയ സമരം സ്‌പെയ്‌നിലേക്കും പോളണ്ടിലേക്കും

ഫ്രങ്ക്ഫര്‍ട്ട്: മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ആവശ്യപ്പെട്ട് ആമസോണ്‍ ജര്‍മ്മനിയിലെ ഗോഡൗണില്‍ ജീവനക്കാര്‍ നടത്തിയ സമരം സ്‌പെയ്‌നിലേക്കും പോളണ്ടിലേക്കും വ്യാപിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായ ആമസോണ്‍ കോടികളുടെ വില്‍പ്പന പ്രതീക്ഷിച്ച് പ്രൈം ഡേ ഓഫര്‍ കൊണ്ടുവന്ന ദിവസം തന്നെയാണ് തൊഴിലാളികള്‍ സമരത്തിലേര്‍പ്പെട്ടത്.

വെര്‍ഡി സര്‍വീസ് യൂണിയന്റെ നേതൃത്വത്തില്‍ ജര്‍മ്മനിയില്‍ ഏകദിന തൊഴില്‍ മുടക്ക് സമരം നടന്നപ്പോള്‍ സ്‌പെയ്‌നില്‍ അത് മൂന്നുദിവസം നീണ്ടുപോയെന്ന് റിപ്പോര്‍ട്ടുണ്ട്. പോളണ്ടില്‍ അധിക ജോലി ബഹിഷ്‌ക്കരിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്.

അതേസമയം ജര്‍മ്മനിയില്‍ 12,000 തൊഴിലാളികള്‍ മാത്രമാണ് സമരത്തിലേര്‍പ്പെട്ടതെന്നും പ്രൈം ഡേ ഡെലിവറിയെ സമരം ബാധിച്ചിട്ടില്ലെന്നും ആമസോണ്‍ കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ജോലിയില്‍ ചേരുന്ന ആദ്യ ദിവസം തൊട്ടുതന്നെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും ആനുകൂല്യവും ലഭിക്കുന്നുണ്ടെന്നും സ്ഥിരം ജീവനക്കാരന്‍ മണിക്കൂറില്‍ 12.22 യൂറോ കൈപറ്റുന്നുണ്ടെന്നും പത്രക്കുറിപ്പില്‍ വിശദമാക്കുന്നുണ്ട്.

Top