ശിശുമരണങ്ങളും പകര്‍ച്ച വ്യാധികളുമാണ് രാജ്യം നേരിടുന്ന വെല്ലുവിളികളെന്ന്‌ അല്‍ഫോണ്‍സ് കണ്ണന്താനം

alphonse kannanthanam

തിരുവനന്തപുരം: ശിശുമരണങ്ങളും പകര്‍ച്ച വ്യാധികളുമാണ് രാജ്യം നേരിടുന്ന വലിയ വെല്ലുവിളികളെന്ന്‌ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം സംഘടിപ്പിച്ച ദേശീയ മെഡിക്കല്‍ സമ്മിറ്റ് കോണ്‍ഫറന്‍സ് കോവളം കെ.റ്റി.ഡി.സി സമുദ്ര ഹോട്ടലില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് ഇതിനുള്ള പോംവഴിയെന്നും, ശിശുമരണ നിരക്കുകള്‍ അടക്കമുള്ളവയെപ്പറ്റി ഡോക്ടര്‍മാര്‍ പുതിയ പഠനങ്ങള്‍ നടത്തണമെന്നും കണ്ണന്താനം പറഞ്ഞു.

ഇത്തരം വെല്ലുവിളികള്‍ നേരിടുന്നതിന് ഐ.എം.എ.യുടേയും ഡോക്ടര്‍മാരുടേയും സഹായവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പ്രായഭേദമന്യേ എല്ലാവരുടേയും ആരോഗ്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം, ആരോഗ്യമുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കാനായി നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും, ജനങ്ങളെ പൂര്‍ണമായ ആരോഗ്യത്തിലെത്തിക്കാന്‍ ഇതുപോലുള്ള കോണ്‍ഫറന്‍സുകള്‍ സഹായിക്കുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

കേരളത്തില്‍ മികച്ച ആരോഗ്യ സംവിധാനമാണുള്ളതെന്നും, രോഗീ സൗഹൃദത്തിലൂന്നിയായിരിക്കണം ഓരോ ആശുപത്രിയും പ്രവര്‍ത്തിക്കേണ്ടതെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

Top